01
Nov 2023
Tue
01 Nov 2023 Tue

അപസ്മാരം യാത്ര മുടക്കി; ടിക്കറ്റുകള്‍ മാറിയെടുത്തെങ്കിലും ഫലമുണ്ടായില്ല, മലയാളി ദിവസങ്ങളോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി; ഒടുവില്‍ രക്ഷകരെത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: വിമാനത്തില്‍ വെച്ച് അപസ്മാര ബാധയുണ്ടായതിനാല്‍ യാത്ര മുടങ്ങിയ മലയാളി ദിവസങ്ങളോളം റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ടിക്കറ്റുകള്‍ മാറിമാറിയെടുത്തെങ്കിലും ഒരു വിമാനക്കമ്പനിയും സ്വീകരിക്കാന്‍ തയാറാവാതിരുന്നതോടെ ഒടുവില്‍ സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ട് എട്ട് ദിവസത്തിന് ശേഷമാണ് നാട്ടിലെത്തിച്ചത്. റിയാദ് എയര്‍പോര്‍ട്ടില്‍ ദിവസങ്ങളോളം കുടുങ്ങിയ എറണാകുളം സ്വദേശി സാജു തോമസ് (47) ആണ് സുമനസുകളുടെ സഹായത്തോടെ ഒടുവില്‍ നാട്ടിലെത്തിയത്.

റിയാദിന് സമീപം റുവൈദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈ മാസം 12നാണ് നാട്ടിലേക്ക് പോകാന്‍ റിയാദ് എയര്‍പോര്‍ട്ടിലെത്തിയത്. ഓര്‍ക്കാപ്പുറത്ത് സ്‌പോണ്‍സര്‍ എക്‌സിറ്റ് അടിച്ചുള്ള യാത്രയായിരുന്നു. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. എമിഗ്രേഷന്‍, ബോഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചത്. ശാരീരികസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. പരിഭ്രാന്തിക്കിടയില്‍ പല്ലുകള്‍ കടിച്ച് നാവ് മുറിഞ്ഞു, വായില്‍ ചോരയും വന്നു. ഉടന്‍ വിമാനത്തില്‍നിന്ന് പുറത്തിറക്കി പ്രാഥമ ശുശ്രൂഷ നല്‍കി. എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലായിരുന്നു.

അപസ്മാരം ബാധിച്ച് നാവ് മുറിഞ്ഞതും, ഇടക്ക് തലയിടിച്ച് വീണ് നെറ്റി മുഴക്കുകയും കണ്ണിന് മുകളില്‍ രക്തം കട്ടപിടിച്ച് കണ്‍പോള വീര്‍ത്ത് നീലിക്കുകയും ചെയ്തതോടെയാണ് വിമാനകമ്പനികള്‍ അദ്ദേഹത്തെ വിമാനത്തില്‍ കയറ്റാന്‍ തയ്യാറാകാതിരുന്നത്. എന്നാല്‍ ഇതിന് ശേഷം മറ്റൊരു വിമാനത്തില്‍ പുറപ്പെടാന്‍ ബന്ധുക്കള്‍ ടിക്കറ്റ് എടുത്ത് നല്‍കി.

എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ പുറത്തേക്ക് ഇറങ്ങാന്‍ നിയമം അനുവദിക്കുന്നില്ല. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത്. എന്നാല്‍ ഈ ടിക്കറ്റിലും യാത്ര ചെയ്യാന്‍ സാധിച്ചില്ല. ടിക്കറ്റുകള്‍ മാറിമാറിയെടുത്തെങ്കിലും ഒരു വിമാനക്കമ്പനിയും സ്വീകരിക്കാന്‍ തയാറായില്ല. ഇതോടെ നാല് ദിവസത്തോളം വിമാനത്താവളത്തില്‍ തന്നെ കഴിയേണ്ടി വന്നു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് എത്തിയ സാമൂഹ്യപ്രവര്‍ത്തകരാണ് ഒടുവില്‍ സജു തോമസിന് സഹായമേകിയത്.

സാമൂഹികപ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവര്‍ വിമാനത്താവളത്തിലെത്തി ഉദ്യോഗസ്ഥരെ കണ്ട് അവരുടെ ജാമ്യത്തില്‍ ആളെ പുറത്തിറക്കുകയായിരുന്നു. എമിഗ്രേഷന്‍ നടപടികള്‍ കാന്‍സല്‍ ചെയ്താണ് സാജുവിനെ ഇവര്‍ പുറത്തിറക്കിയത്. പിന്നീട് ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കുകയും വിശദ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയില്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മനസിലായി. പിന്നീട് നാലുദിവസം അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവര്‍ ഏറ്റെടുത്ത് സ്വന്തം താമസസ്ഥലത്ത് കൊണ്ടുപോയി ഇദ്ദേഹത്തെ പരിചരിച്ചു. അസുഖമില്ലെന്ന് അറിയിച്ചതോടെ യാത്രയ്ക്ക് ഒരു സഹായിയുണ്ടെങ്കില്‍ കൊണ്ടുപോകാമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ശിഹാബ് കൊട്ടുകാട് കൊച്ചി വരെ ഒപ്പം പോകാന്‍ സന്നദ്ധനായി. തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക