01
Nov 2023
Wed
01 Nov 2023 Wed

പി വത്സല: ഓര്‍മയായത് തിരസ്‌കൃതരുടെ അനുഭവങ്ങള്‍ മുഖ്യധാരയിലെത്തിച്ച കഥാകാരി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: പി വത്സലയുടെ നിര്യാണത്തിലൂടെ ഓര്‍മയാകുന്നത് തിരസ്‌കൃതരുടെ അനുഭവങ്ങള്‍ മുഖ്യധാരയിലെത്തിച്ച മലയാളികളുടെ പ്രിയ കഥാകാരി. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി വത്സല (84) കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ രാത്രി 11 മണിയോടെയാണ് മരിച്ചത്. പാര്‍ശ്വവല്‍ക്കൃത ജീവിതങ്ങള്‍ക്കൊപ്പമുള്ള കഥാപാത്രങ്ങളെ മലയാളികള്‍ക്ക് പരിചിതമല്ലാത്ത ശൈലിയില്‍ എത്തിട്ടുവെന്നതാണ് വത്സലയെ വേറിട്ടുനിര്‍ത്തുന്നത്. പ്രാന്തവല്‍കരിക്കപ്പെട്ടവരുടെ ജീവിതങ്ങളെ ഒട്ടും അതിഭാവുകത്വമില്ലാതെ അക്ഷരങ്ങളിലൂടെ അവര്‍ ശബ്ദിച്ചു. 1960കള്‍ മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു.

മുഖ്യധാരയില്‍നിന്ന് അകന്നുനില്‍ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയായിരുന്നു വത്സല തന്റെ കൃതികളിലൂടെ പ്രതിഷ്ഠിച്ചത്. തിരുനെല്ലിയുടെ കഥാകാരിയെന്നാണ് വത്സല അറിയപ്പെട്ടിരുന്നത്.
വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ അടുത്തറിയുകയും മുന്‍വിധികളില്ലാതെ അതിനെപ്പറ്റി എഴുതുകയും ചെയ്ത എഴുത്തുകാരികൂടിയായിരുന്നു അവര്‍. എഴുത്തച്ഛന്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

നെല്ല്, റോസ്‌മേരിയുടെ ആകാശങ്ങള്‍, ആരും മരിക്കുന്നില്ല, ആഗ്‌നേയം, ഗൗതമന്‍, പാളയം തുടങ്ങി നിരവധി കൃതികള്‍ മലയാളത്തിന് സമ്മാനിച്ചു. 2021 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. നെല്ലിന് കുങ്കുമം അവാര്‍ഡും ലഭിച്ചു. എസ്പിസിഎസിന്റെ അക്ഷരപുരസ്‌കാരം, നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്കുള്ള പത്മപ്രഭാ പുരസ്‌കാരം, പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, വിലാപത്തിന് സി.എച്ച്. അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെ പേരിലുള്ള അക്ഷരപുരസ്‌കാരം, പി ആര്‍ നമ്പ്യാര്‍ അവാര്‍ഡ്, എം ടി ചന്ദ്രസേനന്‍ അവാര്‍ഡ്, ഒ ചന്തുമേനോന്‍ അവാര്‍ഡ്, സദ്ഭാവന അവാര്‍ഡ് തുടങ്ങിയ നിരവധി ബഹുമതികളും അവരെ തേടിയെത്തി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക