പത്തനംതിട്ട: റോബിന് ബസ്സ് പത്തനംതിട്ടയില്‍ മോട്ടോര്‍ വാഹന വകുപ്പ് ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. തുടര്‍ച്ചയായി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി. വാഹനം എ.ആര് ക്യാമ്പിലേക്ക് മാറ്റി. വാഹനം കോടതിക്ക് കൈമാറും. വാഹനത്തിന്റെ പെര്‍മിറ്റ്, ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്നിവയില്‍ നടപടികളുണ്ടാകുമെന്നും എം.വി.ഡി അറിയിച്ചു. റോബിന് ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.
|
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ബസ് പിടിച്ചെടുത്തത്. നിയമലംഘനം ആഹ്വാനം ചെയ്ത വ്ളോഗര്‍മാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. പത്തനംതിട്ട സിജിഎം കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.
ഇതു രണ്ടാം തവണയാണ് റോബിന് ബസ് പിടിച്ചെടുക്കുന്നത്. കോടതി ബസ് പിടിക്കരുതെന്ന് ഇടക്കാല ഉത്തരവുണ്ടെങ്കിലും, തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ യാത്ര ചെയ്താല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ എരുമേലിയില്‍ വെച്ച് ബസ് തടഞ്ഞെങ്കിലും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു. എന്നാല്‍ പത്തനംതിട്ട എസ്പി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ബസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചത്. ബസിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.





