01
Jan 2024
Wed
01 Jan 2024 Wed

വിതുരയില്‍ കാണാതായ യുവതി കൊല്ലപ്പെടും മുമ്പ് കാട്ടിലെ ആളൊഴിഞ്ഞ വീട്ടില്‍ കാമുകനൊപ്പം രണ്ട് ദിവസം കഴിഞ്ഞു, വീട് വിട്ടത് മെഡിക്കല്‍ കോളേജിലേക്കെന്ന് പറഞ്ഞ്; കാമുകനെ ചോദ്യംചെയ്യുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കഴിഞ്ഞദിവസം കാണാതായ യുവതിയെ വനത്തിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ വീട്ടില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിതുര മണലി ചെമ്പിക്കുഞ്ഞ് അബി ഭവനില്‍ സുനില (22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലന്‍കുടി ഊറാന്‍മൂട്ടിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച മുതല്‍ യുവതിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് വിതുരയിലെ വനത്തിനോട് ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ കാമുകന്‍ അച്ചു(24)വിനെയാണ് പാലോട് പനയമുട്ടത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. താനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് അച്ചു സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാലോട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിതുര പൊലീസിന് കൈമാറിയിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സുനില വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്നു പറഞ്ഞാണ് യുവതി പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരമായിട്ടും യുവതി വീട്ടില്‍ മടങ്ങി വന്നില്ല. ഇതിനെ തുടര്‍ന്ന് സുനിലയുടെ മാതാപിതാക്കളും ഭര്‍ത്താവ് സിബിയും പൊലീസില്‍ പരാതി നല്‍കി. സുനിലയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് മൃതദേഹം കല്ലന്‍കുടിയിലെ ആളൊഴിഞ്ഞ വീട്ടില്‍നിന്നു കണ്ടെത്തിയത്.

ഇതിനിടെ പാലോട് പനയമുട്ടത്തുെവച്ച് സംശയാസ്പദമായ രീതിയില്‍ അച്ചുവിനെ പാലോട് പൊലീസ് കാണുകയായിരുന്നു. അച്ചുവിനെ കസ്റ്റഡിയില്‍ എടുത്ത പാലോട് പൊലീസ് ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ താനും സുനിലയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നും കൊലപാതകം നടത്തിയത് താനാണെന്നും അച്ചു സമ്മതിച്ചു. ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അച്ചു പറഞ്ഞു. സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് താന്‍ തീരുമാനിച്ചിരുന്നതെന്നും പ്രതി പറഞ്ഞു.

കൊലപാതകം നടത്തിയ ശേഷം സ്ഥലം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി എന്നാണ് പോലീസ് പറയുന്നത്. അതിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ പാലോട് പൊലീസ് പ്രതിയെ പിടികൂടുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് വിതുര പൊലീസ് പറഞ്ഞു.