22
Feb 2023
Wed
22 Feb 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ട്രാൻസ്‌ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. സുഹൃത്തുക്കൾ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കുഞ്ഞ് ആണ് ആണോ പെണ്ണ് ആണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അതു വലുതാകുമ്പോൾ പറയുമെന്നായിരുന്നു വിവരം പങ്കുവച്ച് ട്രാൻസ് ജെൻഡർ കൂടിയായ പൈലറ്റ് ആദം ഹാരി പറഞ്ഞത്. കുഞ്ഞിനെ മിൽക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

ഇതോടെ ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിച്ചു. കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും അവർ നേരിട്ട വെല്ലുവിളികൾ ചെറുതായിരുന്നില്ല. ട്രാൻസ്‌ജെൻഡർ പങ്കാളികളായതു കൊണ്ടുതന്നെ നിയമനടപടികൾ ഇരുവരുടേയും ആഗ്രഹത്തിന് തടസമായി മാറിയതോടെയാണ് സഹദ് ഗർഭം ധരിക്കാമെന്ന ആശയം ഇരുവരിലേക്കും എത്തുന്നത്. സ്ത്രീയിൽ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാർച്ച് 4നായിരുന്നു പ്രസവ തിയതി.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിചരണത്തിലാണ് ഇപ്പോൾ സഹദ്. നർത്തകിയാണ് സിയ. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് സഹദ്.