28
Apr 2023
Thu
28 Apr 2023 Thu

തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിങ്ങിന് എത്തിയ 13കാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൈക്കോളജിസ്റ്റിന് 27 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരിഷിന് (59) ആണ് ശിക്ഷ ലഭിച്ചത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് സുദർശനനാണ് ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിഴ അടച്ചില്ലെങ്കിൽ നാലു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ആരോഗ്യവകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്നു ഡോ. കെ ഗിരീഷ്. നേരത്തെ മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രാഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്‍റെ വീടായ തണൽ (ടിഎൻ ആർഎ 62) നോട് ചേർന്ന് സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്സിസ് പ്രാക്ടീസ് ടു പെർഫോം) എന്ന സ്വകാര്യ ക്ലിനിക്കിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിങ്ങിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്.

പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. തുടർന്ന് പ്രതി മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്നുപോയ കുട്ടി പുറത്തു പറഞ്ഞില്ല. വീട്ടുകാർ മറ്റ് പല മനോരോഗ വിദ​ഗ്ധരെ കാണിച്ചു. എന്നാൽ രോഗാവസ്ഥ കുറയാതായാതോടെ 2019ൽ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു.

2019 ജനുവരി 30ന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുത്തെന്നും വെളിപ്പെടുത്തി. മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഈ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഏറെക്കാലം നീണ്ടവാദത്തിനൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർച്ഛിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടർമാരും വിസ്താര വേളയിൽ പറഞ്ഞു. ഫോർട്ട് എസ്ഐമാരായ കിരൺ.ടി ആർ, എ അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി.