27
Jul 2024
Thu
27 Jul 2024 Thu

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് എസ്.ഡി.പി.ഐ. അംഗം എസ്. സുള്‍ഫിക്കറിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.(Aalappuzha punnapra thekk SDPI ward member Sulfiker reinstated by highcourt )  തുടര്‍ച്ചയായി പഞ്ചായത്ത് കമ്മിറ്റി യോഗങ്ങള്‍ക്ക് ഹാജരാകാത്തതിനെത്തുടര്‍ന്ന് സിപിഎം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ് സുല്‍ഫിക്കറിനെ ആദ്യം അയോഗ്യനാക്കിയത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ശരിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് മുഹമ്മദ് നിയാസ് സിപിയാണ് സുല്‍ഫിക്കറിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് സുല്‍ഫിക്കര്‍ പഞ്ചായത്ത് മെമ്പറായത്. എന്നാല്‍, യോഗങ്ങളില്‍ ഹാജരാകുന്നതില്‍ വീഴ്ചവരുത്തിയതിനെത്തുടര്‍ന്ന് 2022 മേയ് 30-ന് പഞ്ചായത്ത് കമ്മിറ്റിയോഗം ഇദ്ദേഹത്തെ അയോഗ്യനാക്കനാക്കുകയായിരുന്നു.

ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ട സുല്‍ഫിക്കര്‍ 2022 ജനുവരി ഒന്നുമുതലാണ് കമ്മിറ്റിയില്‍ ഹാജരാകാതിരുന്നത്. അയോഗ്യനാക്കിയതിനെതിരേ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചപ്പോള്‍ തല്‍ക്കാലം തുടരാന്‍ അനുമതിനല്‍കി. പഞ്ചായത്ത് സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി നല്‍കിയ അപ്പീല്‍ കമ്മിഷന്‍ തള്ളിയതോടെയാണ് അയോഗ്യത നിലവില്‍വന്നത്. ഇതിനെതിരേ സുല്‍ഫിക്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന സുല്‍ഫിക്കര്‍ ന്യൂസ് ടാഗ് ലൈവിനോട് പറഞ്ഞു.  തുടര്‍ന്ന് സ്വന്തം ലെറ്റര്‍ ഹെഡ്ഡില്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, പഞ്ചായത്ത് ഭരണസമിതി അത് തള്ളുകയും അയോഗ്യനാക്കുകയും ചെയ്യുകയായിരുന്നുവെന്ന് സുല്‍ഫിക്കര്‍ പറഞ്ഞു.

ഇതിനെതിരേ കേരള സ്റ്റേറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന്‍, പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിര്‍ കക്ഷികളാക്കി അഡ്വ. എംഎസ് ശാനവാസ് ഖാന്‍ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മൂന്ന് മാസക്കാലം തുടര്‍ച്ചയായി യോഗങ്ങള്‍ക്ക് ഹാജരാവാതിരുന്നാലാണ് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അയോഗ്യത കല്‍പ്പിക്കാനാവുകയെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, പ്രസ്തുത സമയ പരിധിക്കകം ഹരജിക്കാരന്‍ ലീവ് അപേക്ഷ നല്‍കിയിരുന്നു. അതു കൊണ്ട് തന്നെ ഹരജിക്കാരനെ അയോഗ്യനാക്കിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി നിയമവിരുദ്ധമാണ്. 2022 മാര്‍ച്ച് 2 മുതല്‍ 2022 ജൂണ്‍ 10 വരെയുള്ള കാലയളവ് ഹരജിക്കാരന്‍ ജുഡീഷ്യല്‍ കസ്റ്റിഡിയിലായിരുന്നു. പ്രസ്തുത കാലയളവ് ഹരജിക്കാരന്റെ നിയന്ത്രണത്തില്‍ പെടാത്തത് ആയതിനാല്‍ മനപൂര്‍വ്വമായ അവധിയായി കണക്കാക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.