|
റിയാദ്: വധ ശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21 ലേക്ക് മാറ്റി. റിയാദ് ആസ്ഥാനമായ റഹീം സഹായ സമിതി ആണ് ഇക്കാര്യം അറിയിച്ചത്. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ മറ്റന്നാൾ ( ഒക്ടോബർ 17) ആയിരുന്നു സിറ്റിങ് അനുവദിച്ചിരുന്നത്.
പുതിയ സാഹചര്യം വിലയിരുത്താൻ അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചന ഹർജിയിൽ 22 ന് അനുകൂലമായ വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഹീം സഹായസമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.
റഹീം കേസുമായി ബന്ധപ്പെട്ട് ഇത് വരെയുള്ള കാര്യങ്ങൾ പൊതുസമൂഹത്തോടെ വിശദീകരിക്കുന്നതിന് വേണ്ടി ഇന്ന് വൈകീട്ട് ഏഴ് മണിക്ക് റിയാദ് ബത്ഹ ഡി-പാലസ് ഹാളിൽ പൊതുയോഗം വിളിച്ചതായി സഹായസമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ എന്നിവർ അറിയിച്ചു.
സംഘടന നേതാക്കൾ, മാധ്യമ പ്രവർത്തകർ, പൊതു പ്രവർത്തകർ തുടങ്ങി കേസുമായി തുടക്കം മുതൽ സഹകരിച്ച എല്ലാവരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.
അബദ്ധത്തിൽ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുൽ റഹീം 18 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ബ്ലഡ് മണി ആയി 33 കോടി രൂപ കൊടുംബത്തിന് കൊടുത്തതിനാൽ വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്.
Abdul Raheem case: Saudi court Sitting postponed to october 21


