21
Apr 2024
Tue
21 Apr 2024 Tue

അബ്ദുറഹീമിന്റെ മോചനം ഉടന്‍; സഊദി ബാലന്റെ കുടുംബം കോടതിയെ സന്നദ്ധത അറിയിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: വധശിക്ഷ കാത്തു ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകാതെ സാധ്യമാകും. കേരളം ഒന്നടങ്കം ഏറ്റുപിടിച്ച് സ്വരൂപിച്ച തുക സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചതോടെ വിഷയത്തിലുണ്ടായിരുന്ന വലിയനടപടിക്രമം പൂര്‍ത്തിയായി. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിക്കുകയായിരുന്നു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും. തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും സഊദി കുടുംബത്തിന് കൈമാറുകയും ചെയ്യും.

അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും റിയാദിലെ നിയമസഹായ സമിതിയും. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് നിയമസഹായ സമിതി ആവശ്യപ്പെട്ടു.

ദയാധനം നല്‍കാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നല്‍കുകയാണ് ഇനി കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടര്‍ന്ന് വധ ശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് ഉണ്ടാകും. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാല്‍ അത് സുപ്രീം കോടതി ശരി വെക്കുകയും വേണം. തുടര്‍ന്ന് റഹീമിനെ മോചിപ്പിക്കാന്‍ ഉത്തരവിടും.