20
Sep 2025
Wed
20 Sep 2025 Wed
priyank kharge

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് എന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും ബന്ധമുള്ളവരാണ് ഈ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി യുവതികളെയും പെണ്‍കുട്ടികളെയും ഇവിടെ അടക്കം ചെയ്തതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ ധര്‍മ്മസ്ഥല വിവാദത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ ഗിരീഷ് മത്തണ്ണവര്‍, മഹേഷ് ഷെട്ടി തിമറോഡി എന്നിവരാണെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ സൗഹാര്‍ദ്ദം തകര്‍ക്കുന്നതും പൊതുവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിന് മത്തണ്ണവര്‍ക്കും തിമറോഡിക്കുമെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

മഹേഷ് ഷെട്ടി തിമറോഡി ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി വകുപ്പ് മന്ത്രി കൂടിയായ ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

‘കര്‍ണാടക നിയമസഭയില്‍ ബി.ജെ.പി ആര്‍ക്കെതിരെയാണ് സംസാരിച്ചത്? മഹേഷ് ഷെട്ടി തിമറോഡി അല്ലേ അത്? ഈ വ്യക്തി ആര്‍.എസ്.എസ്സുകാരനാണ്. ആര്‍.എസ്.എസ് ആണ് ബി.ജെ.പിയുടെ ഗുരു. ഇവര്‍ ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘടനകളിലൂടെ വളര്‍ന്നവരാണ്,’ ഖാര്‍ഗെ പറഞ്ഞു.

ALSO READ: മസ്ജിദുല്‍ അഖ്‌സ കൈയേറി ജൂതന്മാര്‍; ഹെബ്രോണ്‍ മേയറെ തടവിലാക്കി

മത്തണ്ണവറിനെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ: ‘ഇയാള്‍ ഭാരതീയ ജനതാ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റാണ്. യാദ്ഗിര്‍ ജില്ലയിലെ ഗുരുമിത്കല്‍ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ഇവര്‍ ധര്‍മ്മസ്ഥലയ്ക്കെതിരെ സംസാരിക്കുന്നു. അപ്പോള്‍ ഇത് ആരുടെ ഗൂഢാലോചനയാണ്?’

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ കൂടിയായ പ്രിയങ്ക് ഖാര്‍ഗെയുടെ അഭിപ്രായത്തില്‍, ധര്‍മ്മസ്ഥല വിവാദം ആര്‍.എസ്.എസിനുള്ളിലെ വിഭാഗീയതയുടെ ഫലമാണ്.

‘ഇത് ആര്‍.എസ്.എസ്. വേഴ്‌സസ് ആര്‍.എസ്.എസ്. പോരാട്ടമാണ്. ഇപ്പോള്‍ അവര്‍ സര്‍ക്കാരിനെ താറടിക്കാന്‍ ശ്രമിക്കുകയാണ്. തമ്മിലടിക്കുന്ന രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ഏത് ആര്‍.എസ്.എസ്. വിഭാഗത്തെ സമീപിക്കണമെന്ന് ബി.ജെ.പിക്ക് ഒരു ധാരണയുമില്ല. ആര്‍.എസ്.എസില്‍ രണ്ട് വിഭാഗങ്ങളുണ്ട്. സ്വന്തം സ്ഥാനം രക്ഷിക്കാന്‍ ആരുടെ കാല്‍ പിടിക്കണമെന്ന് അവര്‍ക്കറിയില്ല,’ ഖാര്‍ഗെ ആരോപിച്ചു.

തങ്ങളുടെ സ്ഥാനം രക്ഷിക്കാന്‍ വേണ്ടിയാണ് ‘ചാമുണ്ഡേശ്വരി ചലോ’, ‘ധര്‍മ്മസ്ഥല ചലോ’ തുടങ്ങിയ പ്രചാരണങ്ങള്‍ ബി.ജെ.പി സംഘടിപ്പിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.

‘ചാമുണ്ഡേശ്വരി ചലോ’യും ‘ധര്‍മ്മസ്ഥല ചലോ’യും മാത്രമായി ഒതുങ്ങാതെ, കര്‍ണാടകയോട് കേന്ദ്രം കാണിക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇടയ്ക്കിടെ ‘ഡല്‍ഹി ചലോ’ നടത്താനും ഖാര്‍ഗെ ബി.ജെ.പി നേതാക്കളെ ഉപദേശിച്ചു. തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടിയാണ് ബി.ജെ.പി ഈ മാര്‍ച്ചുകള്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇതൊക്കെ ബി.ജെ.പിയുടെ നാടകങ്ങളാണ്. രാഷ്ട്രീയ നേട്ടം കിട്ടുന്ന ഏതൊരു അവസരത്തിലും അവര്‍ ചാടിവീഴും,’ മന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ആവശ്യമായ ശാസ്ത്രീയ അന്വേഷണങ്ങളെല്ലാം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി) ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക