കൊച്ചി: സംവിധായകന്‍ പൃഥ്വിരാജിന് പിന്നാലെ ‘എമ്പുരാന്‍’ സഹ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ്. (After Prithviraj, Antony Perumbavoor also gets notice from the Income Tax Department) ‘ലൂസിഫര്‍’, ‘മരക്കാര്‍’ എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസിലുള്ളത്. മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടുകളിലും വ്യക്തത തേടിയിട്ടുണ്ട്.
|
കഴിഞ്ഞദിവസം ‘എമ്പുരാന്‍’ സിനിമയുടെ സഹനിര്‍മാതാവായിരുന്ന ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. സംവിധായകനും നടനുമായ പ്രൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു.
ചെന്നൈ കോടമ്പാക്കത്തെ ഓഫീസില്‍ രാത്രി വൈകിയും ഗോപാലനെ ഇഡി ചോദ്യം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിച്ചു എന്നാണ് സൂചന.
എന്നാല്‍ ഫെമ ക്രമക്കേട് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നില്‍ എന്നാണ് ഇഡി നല്‍കുന്ന വിശദീകരണം. കോഴിക്കോട്ടെ മാളിലും ഹോട്ടലിലും ഇഡി പരിശോധന നടത്തിയിരുന്നു.
ALSO READ: രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി; വഖ്ഫ് ഭേദഗതി ബില്‍ നിയമമായി
സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലെന്നാണ് ഇഡി അവകാശപ്പെടുന്നത്. ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘എമ്പുരാന്‍’ സിനിമ പുറത്തിറങ്ങിയത് മുതല്‍ സംഘപരിവാര്‍ ചിത്രത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണ്. ചിത്രത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന സീനുകള്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്.
തമിഴിലെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസായ ലൈക്ക പിന്‍മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരാന്‍ ഏറ്റെടുത്തത്. വിവാദമായതോടെ, പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് ‘എമ്പുരാനുമായി’ സഹകരിച്ചതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു.
സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനില്ലെന്നും ഗോപാലന്‍ വിശദീകരിച്ചിരുന്നു.


