25
May 2024
Thu
25 May 2024 Thu

മുംബൈ: ജീവനക്കാരുടെ തുടങ്ങിയ പെട്ടെന്നുള്ള സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തില്‍നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് ഷാര്‍ജ, ദമാം, അബുദാബി, മസക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് വിവരം ലഭിച്ചത്. മെയ് 13ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ കണ്ണൂരില്‍ പുലര്‍ച്ചെ പുറപ്പെടേണ്ട രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. മസ്‌കറ്റ്, ദമാം വിമാനങ്ങളാണ് ഇന്നലെ സര്‍വീസ് നിര്‍ത്തിവെച്ചത്. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

വൈകിട്ട് നെടുമ്പാശേരിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള സര്‍വീസും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യുഎഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരില്‍നിന്നാണ് കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത്. 30 ഓളം വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് മാത്രമാി റദ്ദാക്കിയത്.

അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി ആലോക് സിങ് അറിയിച്ചിട്ടും ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല. നൂറിലേറെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്. ഇന്നലെ മാത്രം 90 ലേറെ സര്‍വീസുകള്‍ മുടങ്ങി.

തിരുവനന്തപുരത്ത് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കി സുരക്ഷാ പരിശോധനയും കഴിഞ്ഞശേഷമാണ് ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതായി അറിയിപ്പുണ്ടായത്. ഷാര്‍ജ, ചെന്നൈ, അബുദാബി, ദുബായ്, ബെംഗളൂരു, മസ്‌കറ്റ് സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തേക്ക് എത്തേണ്ട മൂന്നുവിമാനങ്ങളും സര്‍വീസ് മുടങ്ങിയവയില്‍ ഉള്‍പ്പെടുന്നു. കരിപ്പൂരില്‍ റദ്ദാക്കിയത് 12 സര്‍വീസുകളാണ്. യാത്ര തുടരാന്‍ കഴിയാതെ പോയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

Air India Express strike: More flights from Kerala cancelled today as stalemate continues