ന്യൂഡല്‍ഹി: തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരേ നടി ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതും തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
|
ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തുടര്‍നടപടികള്‍ക്കായി കേസ് ജനുവരി 15-ലേക്ക് മാറ്റി. ഒട്ടേറെ വെബ്സൈറ്റുകള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും നിര്‍മിതബുദ്ധി ഉപയോഗിച്ച് മോര്‍ഫ്‌ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹര്‍ജിയില്‍ പറഞ്ഞു.
ഡീപ്ഫേക്ക് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നു. അനുമതിയില്ലാതെ നടിയുടെ ചിത്രം പതിപ്പിച്ച ടി-ഷര്‍ട്ടുകളും കപ്പുകളും വിറ്റ് ചിലര്‍ പണമുണ്ടാക്കുന്നെന്നും ഐശ്വര്യയുടെ അഭിഭാഷകന്‍ സന്ദീപ് സേത്തി ചൂണ്ടിക്കാട്ടി.
ലൈംഗികോദ്ദേശ്യത്തിലുള്ള ഇത്തരം നടപടികള്‍ നിരാശാജനകമാണ്. പലതും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും അഭിഭാഷകന്‍ വാദിച്ചു.
ചില വെബ്‌സൈറ്റുകള്‍ പണപ്പിരിവിനായി പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇത്തരം സൈറ്റുകളുടെ ലിങ്കുകള്‍ നീക്കംചെയ്യണമെന്ന് ഗൂഗിളിന്റെ പ്രതിനിധിയോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു.





