തിരുവനന്തപുരം: അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് സഹോദരൻ അജിത്ത് ആന്റണി. കോൺഗ്രസ് പ്രവർത്തകർ അനിൽ ആന്റണിയെ തുടർച്ചയായി തെറി പറഞ്ഞു. അതാണ് അനിലിനെ ചൊടിപ്പിച്ചതെന്നും അനിൽ ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.
|
ബിജെപി പ്രവേശനം അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ്. പാർട്ടിയിൽ നിന്ന് ദേഷ്യപ്പെട്ട് മാറിനിൽക്കും എന്നാണ് കരുതിയത്. ഒട്ടും പ്രതീക്ഷിക്കാത്ത തീരുമാനമാണ് അനിൽ ആന്റണിയുടേത്. വാർത്ത കണ്ടതോടെ പപ്പ (എ കെ ആന്റണി) ദുഃഖിതനായി മാറിനിന്നു. അദ്ദേഹത്തെ ഇത്രയും ദുർബലനായ നിമിഷം കണ്ടിട്ടില്ല. അനിൽ ആന്റണി തെറ്റ് തിരുത്തി മടങ്ങിവരുമെന്നാണ് വിശ്വാസം. കോൺഗ്രസിൽ തുടരാൻ നേതൃത്വം ശ്രമിച്ചിട്ടുണ്ടാവണം, അത് പരാജയപ്പെട്ടിട്ടുണ്ടാവണം.
ബിജെപി ഒരു ലീഡറിനെയാണ് ചുറ്റിപ്പറ്റി നിൽക്കുന്നത്. അവർ പറയുന്നത് തന്നെ മോദി സർക്കാർ എന്നാണ്. ബിജെപി സർക്കാർ എന്നു പോലുമല്ല. ഒരാളെ ചുറ്റിപ്പറ്റി നിൽക്കുകയാണ് എന്നതിന് അതിൽ കൂടുതൽ തെളിവ് വേണ്ടല്ലോയെന്നും അജിത് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തിയാണ് അനിൽ ആന്റണി പാർട്ടി അംഗത്വമെടുത്തത്. കേരളത്തിൽ നിന്ന് ഒരു നേതാവ് പാർട്ടിയിൽ ചേരുമെന്നും ഇത് ഒരു ക്രിസ്ത്യൻ നേതാവാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബി.ജെ.പി അംഗത്വമെടുത്തത്. ബി.ജെ.പി ആസ്ഥാനത്തെത്തിയ അനിലിനെ കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. കാവി ഷോളണിയിച്ചാണ് അനിലിനെ ബി.ജെ.പി നേതൃത്വം സ്വീകരിച്ചത്.
സമീപകാലത്തെ പ്രവർത്തനങ്ങളും പ്രതികരണങ്ങളും അനിൽ ആന്റണി ബി.ജെ.പിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് മൂന്ന് മണിക്ക് ഒരു പ്രധാന വ്യക്തി ബി.ജെ.പിയിൽ ചേരുമെന്ന് അറിയിച്ച് പാർട്ടി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവന്നത്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമന്ററിക്കെതിരെ അനിൽ ആൻറണി രംഗത്തെത്തിയതോടെയാണ് അദ്ദേഹം കോൺഗ്രസുമായി അകന്നത്. എഐസിസി സോഷ്യൽ മീഡിയാ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു. പിന്നാലെ ഈ പദവിയിൽനിന്ന് അദ്ദേഹത്തെ സസ്‌പെന്റ്‌ചെയ്തു. ഇതിന് ശേഷം അനിൽ ആന്റണി തുടർച്ചയായി കോൺഗ്രസ് വിമർശനം നടത്തിവരികയായിരുന്നു.
രാഹുൽ ഗാന്ധി ഉൾപ്പടെ കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ അനിൽ വിമർശനങ്ങളുന്നയിച്ചതും വലിയ വാർത്തയായിരുന്നു.





