മലപ്പുറം: കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ പേരെയും മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതി വെറുതെവിട്ടു. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന 51 പേരിൽ 48 പേരെയാണ് വെറുതെ വിട്ടത്. 21ാംപ്രതി വിചാരണ വേളയിൽ മരിച്ചിരുന്നു. രണ്ടുപേർ വിദേശത്താണ്. ബാക്കിയുള്ള മുഴുവൻ പ്രതികളെയുമാണ് കോടതി വെറുതെവിട്ടത്. 2007 മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
|
ആർഎസ്എസ് പ്രവർത്തകൻ കൈപ്പറമ്പിൽ ലക്ഷ്മണൻ കൊല്ലപ്പെട്ടതിനു പിന്നാലെ അന്നത്തെ എൻഡിഎഫ് നേതാക്കളായ എ സഈദ്, ടി അബ്ദുർ റഹ്മാൻ ബാഖവി തുടങ്ങിയവരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച വിവരമറിഞ്ഞെത്തിയ പ്രവർത്തകർ പോലിസ് സ്‌റ്റേഷൻ ആക്രമിച്ചെന്നും പോലിസുകാരെ പരിക്കേൽപ്പിച്ചെന്നുമായിരുന്നു കേസ്.
എന്നാൽ, സംസ്ഥാന നേതാക്കളെ അന്യായമായി കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ തങ്ങളെ പൊലിസ് ആക്രമിക്കുകയും കള്ളക്കേസ് ചുമത്തുകയുമായിരുന്നുവെന്നായിരുന്നു പ്രതിചേർക്കപ്പെട്ടവരുടെ വാദം. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ അബ്ദുൽ ലത്തീഫ്, അബ്ദുൽ റഹീം, സാദിഖ് നടുത്തൊടി എന്നിവർ ഹാജരായി.





