16
Aug 2025
Wed
16 Aug 2025 Wed
Allegations of voting irregularities in Thrissur: Suresh Gopi in the constituency today amid controversies

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തും. രാവിലെ ഒന്‍പതരയ്ക്ക് റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയിരുന്നു. രാവിലെ 5.15ന് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര തിരിച്ച മന്ത്രി ഒന്‍പതരയ്ക്ക് തൃശൂരില്‍ എത്തും. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍ പ്രധാന എന്‍ട്രന്‍സ് ഒഴിവാക്കിയാണ് അകത്തുകയറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റവരെയും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ട് കൊള്ളയില്‍ ബി.ജെ.പിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ വേലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ഹരിദാസന്‍, സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാര്‍ എന്നിവര്‍ പൂങ്കുന്നം കാപ്പിറ്റല്‍ വില്ലേജ് ഫഌറ്റിലെ വോട്ടര്‍മാരാണ്. കോട്ടയം സ്വദേശിയും സുരേഷ് ഗോപിയുടെ അനുയായിയുമായ ബിജു പുളിക്കകണ്ടത്തിലിനും ഭാര്യക്കും തൃശൂരില്‍ വോട്ടുള്ളതായി കണ്ടെത്തി. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ മലപ്പുറം സ്വദേശിയായ വി. ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചെയ്തു എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി.

പൂങ്കുന്നം, ശങ്കരംകുളങ്ങര ഫഌറ്റുകളില്‍ 117 വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്നും പരാതിയുണ്ട്. ഒരിടത്തുമാത്രം വ്യാജവിലാസം നല്‍കി 79 പേരുകള്‍ ചേര്‍ത്തു. പൂങ്കുന്നത്തെ ഇന്‍ലാന്റ് ഉദയ നഗര്‍ അപ്പാര്‍ട്ട്‌മെന്റിന്റെ വിലാസത്തിലും വ്യാജവോട്ട് ചേര്‍ത്തു. ഓരേ ഫഌറ്റ് നമ്പര്‍ ഉപയോഗിച്ചും ഫഌറ്റ് നമ്പര്‍ കൃത്യമായി രേഖപ്പെടുത്താതെയും നിരവധി പേരാണ് വോട്ടര്‍പട്ടികയില്‍ കയറിക്കൂടിയത്.

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടു ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കത്തയയ്ക്കല്‍ സമരം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം.

Allegations of voting irregularities in Thrissur: Suresh Gopi in the constituency today amid controversies;