08
Feb 2023
Tue
08 Feb 2023 Tue

 

കണ്ണൂർ: സ്വർണക്കടത്തടക്കമുള്ള നിരവധി കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അർജുൻ ആയങ്കി എന്നെ ഉപയോഗിച്ച ശേഷം കൈയൊഴിഞ്ഞുവെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും താൻ ആത്മഹത്യചെയ്യുകയാണെങ്കിൽ അതിന് ഉത്തരവാദി ഭർത്താവ് ആയിരിക്കുമെന്നും അർജുന്റെ ഭാര്യ അമല പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ അമല ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത്.

അർജന്റെ അമ്മയും സഹോദരനും കാരണമാണ് ജീവിതം തകർന്നതെന്ന് യുവതി ആരോപിച്ചു. തന്റെ നിറത്തെച്ചൊല്ലി അർജുന്റെ അമ്മ നിരന്തരം പരിഹസിച്ചിരുന്നു. വെളുത്ത് കഴിഞ്ഞാൽ അമ്മയ്ക്ക് ഇഷ്ടമാകുമെന്ന് കരുതി അതിനായുള്ള ചികിത്സ നടത്തിയിരുന്നു. ഗർഭഛിദ്രത്തിന് സമ്മതമല്ലെന്ന് ഡോക്ടറോട് കരഞ്ഞ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. നിർബന്ധിച്ചാണ് ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷമാണ് വിവാഹം നടന്നതെന്നും അമല പറഞ്ഞു.

നാല് മാസം ഒരുമിച്ച് താമസിച്ച ശേഷമാണ് അർജുനുമായുള്ള വിവാഹം നടന്നത്. 2019 ഓഗസ്റ്റിലാണ് അർജുനുമായി പരിചയത്തിലായതും തുടർന്ന് പ്രണയത്തിലേക്ക് എത്തിയതും. 2020 ജൂണിൽ തന്നെ കണ്ണൂരിലേക്ക് കൊണ്ടുവരികയും നാല് മാസം ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഗർഭിണിയായതോടെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. പിന്നീട് 2021 ഏപ്രിൽ എട്ടിനായിരുന്നു അർജുനുമായുള്ള വിവാഹം നടന്നത്.

ആത്മാർഥ പ്രണയമാണെന്ന് വിശ്വസിച്ചാണ് അർജുൻ ആയങ്കിയുമായി അടുത്തത്. ആ ഘട്ടത്തിൽ അർജുന്റെ കൈയിൽ ഒരു രൂപപോലും ഉണ്ടായിരുന്നില്ല. പലതവണ പണം നൽകി സഹായിച്ചു. പണത്തിന് വേണ്ടിയാണ് ഈ അടുപ്പം കാണിക്കുന്നതെന്ന് അർജുന്റെ സുഹൃത്ത് പറഞ്ഞിട്ടും വിശ്വസിച്ചില്ല. സ്വർണക്കടത്തിനെക്കുറിച്ചും കുഴൽപ്പണ ഇടപാടിനെക്കുറിച്ചും അർജുൻ തന്നോട് പറഞ്ഞിട്ടുണ്ട്. സ്വർണക്കടത്ത് കേസ് നടപടികൾക്കും ജാമ്യത്തിനുമെല്ലാം അർജുന്റെ കൂടെ താൻ നിന്നു. കേസിന്റെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്തു. കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പലരും തന്നെ മോശമായി ചിത്രീകരിച്ചു. അന്നും ഭർത്താവിനെ തള്ളിപ്പറഞ്ഞിരുന്നില്ല.

തന്നെ ഒരു ഭീകര ജീവിയാണെന്ന രീതിയിലാണ് ഭർത്താവ് ഇപ്പോൾ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തുന്നതെന്നും ഫേസ്ബുക്ക് ലൈവിലൂടെ അമല വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അർജുൻ പ്രതികരണം നടത്തിയിരുന്നു. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചു എന്നതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരണവുമായി അമല രംഗത്തുവന്നത്.