|
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് വീട്ടിലെത്തി. ജൂലൈ എട്ടിനാണ് ലോറിയുമായി ഇറങ്ങിയ അർജുൻ 82 ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തുമ്പോൾ ചേതനയറ്റ ശരീരം ആയിരുന്നു. മൃതദേഹം രാവിലെ ഒമ്പത് മണിയോടെ ആണ് വീട്ടുകാർ ഏറ്റുവാങ്ങിയത്. ഈ സമയം കണ്ണാടിക്കൽ മൂലാടിക്കുഴിയിലെ വീടിലെ രംഗങ്ങൾ വികാരനിർഭരമായിരുന്നു.
പ്രാരാബ്ധങ്ങൾക്കിടയിൽ അർജുൻ പടുത്തുയർത്തിയ വീടിന്റെ അകത്ത് അവസാനമായി അർജുനെ കിടത്തിയപ്പോൾ ആർത്ത് കരയുന്നുണ്ടായിരുന്നു ഭാര്യയും അമ്മയും സഹോദരങ്ങളും. മണ്ണോട് ചേരും മുമ്പ് മകന്റെ, ഭർത്താവിന്റെ, സഹോദരന്റെ മുഖം പോലുമൊന്ന് കാണാൻ പറ്റാത്തതിന്റെ തീരാവേദനയിൽ ആണ് ഉറ്റവർ. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ കൊച്ചു മോനും കണ്ണീര്‍ക്കാഴ്ചയായി.
നാടിൻ്റെ പലഭാഗങ്ങളിൽ നിന്ന് അർജുനെ കാണാനെത്തിയവരെല്ലാം കണ്ണീരോടെ അവന് വിട ചൊല്ലാന്‍ കാത്തുനിന്നു. സഹോദരിയുടെ വിവാഹനിശ്ചയം, കുഞ്ഞിന്റെ എഴുത്തിനിരുത്ത്, വീടിന്റെ പെയിന്റിങ് എന്നിങ്ങനെ തിരികെ വന്ന ശേഷം ചെയ്ത് തീർക്കാൻ
ഒരുപാട് ദൗത്യങ്ങൾ ബാക്കിയാക്കിയാണ് അർജുൻ പോയത്.
പുലർച്ചെ ആണ് ആംബുലൻസ് കേരളാ അതിർത്തിയിൽ എത്തിയത്. ഇതിനിടെ രണ്ട് മണിയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ അന്തിമോപചാരമർപ്പിക്കാൻ വച്ചു. ഇവിടെ നിരവധി പേരാണ് ഒരു നോക്ക് കാണാൻ എത്തിയത്.
കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ തുടങ്ങിയവയും അന്തിമോപചാരമർപ്പിച്ചു.
ഇന്നലെ വൈകീട്ട് ആറുമണിക്ക് കാർവാർ ജില്ലാ ആശുപത്രിയിൽനിന്ന് ആംബുലൻസ് പുറപ്പെട്ടത്. സഹോദരൻ അഭിജിത്തും സഹോദരീ ഭർത്താവ് ജിതിനുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
72 നാൾ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയ കാർവാർ എം.എൽ.എ സതീശ്കൃഷ്ണ സെയിലും കണ്ണാടിക്കലിലെ വീടുവരെ അനുഗമിക്കുന്നുണ്ട്.
Ambulance carrying Arjuns body reached home





