01
Aug 2025
Fri
01 Aug 2025 Fri
Shwetha menon Devan Amma president

വിവാദങ്ങള്‍ക്കു നടുവില്‍ താര സംഘടനയായ ‘അമ്മ’യിലെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സംഘടനാ ഭാരവാഹികള്‍ മുഴുവന്‍ രാജിവച്ചതാണ് പുതിയ തിരഞ്ഞെടുപ്പിന് വഴിവച്ചത്. രാവിലെ 10 മണിക്ക് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച് വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം വന്ന ഗുരുതരമായ ലൈംഗിക ആരോപണങ്ങളിലും വിവാദങ്ങളിലും പിടിച്ചുനില്‍ക്കാനാകാതെ കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 27നാണ് ‘അമ്മ’യുടെ ഭരണസമിതി രാജിവെക്കുന്നത്. അഡ്‌ഹോക്ക് കമ്മിറ്റി ഭരണം ഏറ്റെടുത്തെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം വിവാദങ്ങള്‍ ‘അമ്മ’യെ വിട്ടൊഴിഞ്ഞില്ല.

കലുഷിതമായ അന്തരീക്ഷത്തിനുശേഷം ‘അമ്മ’ തെരഞ്ഞെടുപ്പിലേക്ക് എത്തിയതോടെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്നറിയിച്ചു. ജഗദീഷും പത്രിക പിന്‍വലിച്ച് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലായി. ശ്വേത വിജയിച്ചാല്‍ ആദ്യമായി ഒരു വനിത അമ്മയുടെ തലപ്പത്തെത്തും.

ALSO READ: ശ്വേതാ മേനോന്റെ അശ്ലീല വീഡിയോകള്‍; പരാതിക്ക് പിന്നില്‍ ആര്? നടി ഹൈക്കോടതിയെ സമീപിച്ചു

ആരോപണ വിധേയര്‍ മാറിനില്‍ക്കണമെന്ന് അംഗങ്ങളില്‍ നിന്ന് ആവശ്യം ശക്തമായതിനെ തുടര്‍ന്ന് ബാബുരാജും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിന്‍വലിച്ചു. മുന്‍പെങ്ങുമില്ലാത്തവിധം മത്സരാര്‍ഥികള്‍ക്ക് എതിരെ ആരോപണങ്ങളും പരാതികളും ഉയര്‍ന്നുവന്നു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെ മെമ്മറി കാര്‍ഡ് വിവാദവും ശ്വേതാ മേനോനെതിരെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു എന്ന പരാതിയും ഉയര്‍ന്നു. കുക്കു പരമേശ്വരനും രവീന്ദ്രനും ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുക.

ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. രാവിലെ 10 മണി മുതല്‍ തെരഞ്ഞെടുപ്പ് ആരംഭിച്ച് വൈകുന്നേരം നാലുമണിയോടെ ഫലവും പ്രഖ്യാപിക്കും.

രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തെത്താൻ ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് മത്സര രംഗത്തുള്ളത്. ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, നന്ദുപൊതുവാൾ, ജോയ് മാത്യു എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാസംവരണത്തിലേക്ക് നീനാ കുറുപ്പ്, സജിതാബേട്ടി, സരയൂമോഹൻ, ആശാഅരവിന്ദ്, അഞ്ജലിനായർ എന്നിവരും മത്സരിക്കുന്നുണ്ട്.

ആറുപേർ പത്രിക നൽകിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേർ പത്രിക പിൻവലിച്ചതോടെയാണ് സംഘടനയുടെ അക്ഷ്യക്ഷപദവിയിലെത്താൻ ദേവൻ-ശ്വേത മത്സരത്തിന് വഴിതെളിഞ്ഞത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുണ്ടായിരുന്ന ബാബുരാജും അനൂപ് ചന്ദ്രനും പത്രിക പിൻവലിച്ചിരുന്നു. 506 അംഗങ്ങളുള്ള സംഘടനയിൽ മിക്കവരും തിരഞ്ഞെടുപ്പിന് എത്തുമെന്നാണ് പ്രതീക്ഷ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക