ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തിന് സമീപത്തുള്ള റോഡില്‍ ഗുട്ഖ ചവച്ചുതുപ്പിയതിന് മുസ്ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍. ധാറിലാണ് 20 കാരനായ ഇമ്രാന് ഖാനെ ആള്‍കൂട്ടം ക്രൂരമായി മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയതത്.
|
ക്ഷേത്രത്തില്‍ ഗോവര്ദ്ധന് പൂജനടക്കുന്നതിനിടെ പ്രദേശത്തുകൂടി കടന്നുപോയ ഇമ്രാന് റോഡില്‍ ഗുട്ഖ ചവച്ചുതുപ്പുകയായിരുന്നു. റോഡിന്റെ പ്ലാറ്റ്ഫോമിനോട് ചേര്‍ന്നാണ് ക്ഷേത്രം നില്‍ക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇംറാന്‍.
ഇത് ശ്രദ്ധയില്‍പ്പെട്ട പൂജ സംഘടിപ്പിച്ചവരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കൊണ്ട് നിലത്തുകിടന്നിരുന്ന ഗുട്ഖയുടെ അവശിഷ്ടങ്ങള്‍ ആള്‍കൂട്ടം നാവുകൊണ്ട് നക്കി എടുപ്പിച്ചു. നിര്‍ബന്ധിച്ച് ചാണകം കഴിപ്പിക്കുകയും ചെയ്തു.
ആള്‍ക്കൂട്ടം യുവാവിന്റെ മുഖത്തടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് തിരിച്ചറിയാവുന്നവര്‍ക്കെതിരെ കേസെടുത്തു. നാട്ടുകാരില്‍ ചിലര്‍ തന്നെയാണ് പൊലീസിനെ വിഷയം അറിയിച്ചത്.
പൊതുസമാധാനം ഉറപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇമ്രാന് ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് സ്റ്റേഷന് ഇന്‍ചാര്‍ജ് പ്രശാന്ത് പാല് പറഞ്ഞു. നവംബര്‍ രണ്ടിനാണ് സംഭവം നടന്നത്. യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.
ജോലി അന്വേഷിച്ച് പോകുന്നതിനിടെയാണ് ഇമ്രാന് ഖാന് ആള്‍ക്കൂട്ടത്താല്‍ ആക്രമിക്കപ്പെട്ടതെന്ന് സഹോദരനായ മൗസം ഖാന് പറഞ്ഞു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തിയാണ് ഇമ്രാനെന്നും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെന്നും മൗസം ഖാന് പൊലീസിനെ അറിയിച്ചു.


