29
Jul 2023
Mon
29 Jul 2023 Mon

പാലക്കാട്: സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയെടുത്ത കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലിസ് പറയുന്ന അര്‍ജുന്‍ ആയങ്കിയെ മഹാരാഷ്ട്രയിലെ പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. നാലുമാസം മുന്‍പ് നടന്ന ആക്രമണത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 26നു പുലര്‍ച്ചെ അഞ്ചരയോടെ പാലക്കാട് മീനാക്ഷിപുരം സൂര്യപാറയിലാണു കേസിനാസ്പദമായ സംഭവം. തൃശൂര്‍ പുതുക്കാട് സ്വദേശി റാഫേലിന്റെ (57) പരാതിയിലാണു പൊലീസ് നടപടി. തമിഴ്‌നാട് മധുക്കരയിലെ ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിക്കാനായി സ്വര്‍ണം കൊണ്ടുപോയി തിരികെ സ്വകാര്യ ബസില്‍ മടങ്ങുകയായിരുന്നു റാഫേല്‍. കാറിലെത്തിയ സംഘം ബസിനു കുറുകെ വാഹനം നിര്‍ത്തി, റാഫേലിനെ പിടിച്ചിറക്കി കാറില്‍ കയറ്റി തമിഴ്‌നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി മര്‍ദിക്കുകയും 600 ഗ്രാം സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്‌തെന്നാണു പരാതി.

75 പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.