27
Oct 2024
Wed
27 Oct 2024 Wed
Lorry Udama Manaf

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബം ലോറി ഉടമ മനാഫിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. മനാഫ് വൈകാരികത ചൂഷണം ചെയ്തുവെന്നും മുങ്ങൽ വിദഗ്ധനായ ഈശ്വർ മാല്പെയുമായി ചേർന്ന് നാടകം കളിച്ചു എന്നും കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.മനാഫ് മാധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രം നിൽക്കുന്നുവെന്നും വൈകാരികത മുതലെടുത്ത് അർജുൻ്റെ പേരിൽ പണം പിരിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അർജുന്റെ മരണത്തിൽ മനാഫ് മാർക്കറ്റിങ് നടത്തുകയാണ്. അർജുന് 75000 രൂപ ശമ്പളം ഉണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. അർജുന്റെ മരണത്തെ വൈകാരികമായി ചിലർ മുതലെടുക്കാൻ ശ്രമിച്ചു. ഇതിന്റെ പേരിൽ പല കോണിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നു എന്ന് വ്യക്തമായി അറിയാം. എന്നാൽ അർജുന്റെ പേരിൽ ലഭിച്ച ഒരു പണവും ഞങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇനി ഞങ്ങൾ അങ്ങനെ ഒരു ഫണ്ട് സ്വീകരിക്കുകയും ഇല്ല. നിലവിൽ അങ്ങനത്തെ ആവശ്യമില്ല.
അർജുന്റെ ഭാര്യക്കും മകനും ജീവിക്കാനുള്ള സാഹചര്യം ഗവൺമെന്റ് ഒരുക്കി കൊടുത്തിട്ടുണ്ട്. നിലവിൽ മുന്നോട്ടു ജീവിക്കാൻ കുടുംബത്തിന് മറ്റു ബുദ്ധിമുട്ടുകൾ ഇല്ല. എല്ലാ കുടുംബത്തിലും ഉള്ളതുപോലെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമാണ് തങ്ങൾക്ക് ഉള്ളത്. അർജുൻ നഷ്ടപ്പെട്ടു എന്ന് കരുതി ആരുടെയും മുന്നിൽ പിച്ച തെണ്ടേണ്ട സാഹചര്യമില്ലെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം അർജുനെ കണ്ടെത്തുന്നതിനായി കൂടെ നിന്ന എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു. അര്‍ജുന്റെ സഹോദരിയും സഹോദരി ഭര്‍ത്താവും ഭാര്യയും അനുജനും അടക്കമുള്ളവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.  ലോറി കാണാതായത് മുതൽ ഷിരൂരിൽ തങ്ങുകയും അർജുന്റെ മൃതദേഹം കിട്ടിയ ശേഷം മാത്രം അവിടെ നിന്ന് മടങ്ങുകയും ചെയ്ത മനാഫിന്റെ പ്രവൃത്തി ഏവരും പ്രശംസിച്ചിരുന്നു. മൃതദേഹം കിട്ടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അർജുന്റെ സഹോദരി മനാഫിനെ കുറിച്ച് പരാമർശിക്കുകയെ ചെയ്തിരുന്നില്ല.

തന്റെ ഭർത്താവ് ആണ് ഷിരൂരിൽ തങ്ങി എല്ലാ കാര്യങ്ങളും ചെയ്തത് എന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. എന്നാൽ ഇതെക്കുറിച്ച് ചോദിച്ചപ്പോൾ അവർ തന്റെ സഹോദരിയാണെന്നും അവർ തനിക്ക് നന്ദി പറയേണ്ടതില്ലെന്നുമായിരുന്നു മനാഫ് പ്രതികരിച്ചത്.