ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ ഷോട്ട് പുട്ടില്‍ കിരണ്‍ ബലിയന്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ സ്വന്തമാക്കി. 17.36 മീറ്റര്‍ എറിഞ്ഞാണ് 24-കാരിയായ കിരണ്‍ വെങ്കലം സ്വന്തമാക്കിയിരിക്കുന്നത്. ഈ ഇനത്തില്‍ 72 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. ഇതോടെ എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 33 ആയി. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
|
ഇന്ത്യയുടെ മറ്റൊരു ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗര്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മന്‍പ്രീത് കൗര്‍ 16.25 മീറ്റര്‍ ആണ് ഏറ്റവും മികച്ച ത്രോ ആയി എറിഞ്ഞത്. 19.58 മീറ്റര്‍ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ലിജിയാവോ ഗോങ്ങിനാണ് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസില്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണിത്. ചൈനയുടെ തന്നെ ജിയായുവാന്‍ സോങ്ങിനാണ് വെള്ളി (18.92 മീറ്റര്‍).
നേരത്തേ മെഡലുറപ്പിച്ച് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം സെമിയിലെത്തിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെ കീഴടക്കിയാണ് (30) ഇന്ത്യന്‍ ടീമിന്റെ സെമി പ്രവേശനം. 1986 ഏഷ്യന്‍ ഗെയിംസിന് ശേഷം ഇതാദ്യമായാണ് പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യ മെഡലുറപ്പാക്കുന്നത്. കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, മിഥുന്‍ മഞ്ജുനാഥ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിനായി മെഡലുറപ്പിച്ചത്.
ബോക്‌സിങ്ങില്‍ വനിതകളുടെ 50 കിലോ വിഭാഗത്തില്‍ സെമിയില്‍ കടന്ന നിഖാത് സരീനും മെഡലുറപ്പിച്ചു. ജോര്‍ദാന്റെ ഹന്നാന്‍ നാസറിനെ കീഴടക്കിയാണ് താരത്തിന്റെ സെമി പ്രവേശനം. ഇതോടെ താരം പാരിസ് ഒളിമ്പിക്‌സിനും യോഗ്യത നേടി. സെമിയില്‍ തായ്‌ലന്‍ഡിന്റെ രക്‌സാത്താണ് നിഖാത് സരീന്റെ എതിരാളി.
അതേസമയം ആറാം ദിനം ഇന്ത്യ രണ്ട് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും നേടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. പലക് ഗുലിയ സ്വര്‍ണവും ഇഷ സിങ് വെള്ളിയും നേടി. ഗെയിംസ് റെക്കോഡോടെയാണ് പലക് സ്വര്‍ണം നേടിയത്. 242.1 ആണ് താരം നേടിയത്.
പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്നില്‍ കുശാലെ, ഐശ്വരി പ്രതാപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്.
വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഈ ഇനത്തില്‍ റെക്കോഡോടെ ചൈന സ്വര്‍ണം നേടി.
പുരുഷ ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സാകേത് മൈനേനി സഖ്യം വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. ഈ ഇനത്തിലെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന ഇന്ത്യന്‍ സഖ്യം ഫൈനലില്‍ ചൈനീസ് തായ്‌പേയിയോട് പരാജയപ്പെട്ടു. സ്‌കോര്‍: 6-4, 6-4.
വനിതകളുടെ സ്‌ക്വാഷ് ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. സെമിയില്‍ ഹോങ് കോങ്ങിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കലം നേടിയത്. 2-1 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ തോല്‍വി. അനഹാത് സിങ്, തന്‍വി ഖന്ന, ജോഷ്ന ചിന്നപ്പ എന്നിവരടങ്ങിയ സംഘമാണ് വെങ്കലം നേടിയത്.
പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ ഇന്ത്യയ്ക്ക് വേണ്ടി ഐശ്വരി പ്രതാപ് സിങ് തോമര്‍ വെള്ളി നേടി. ഈ ഇനത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ താരമായ സ്വപ്നില്‍ കുശാലെ നാലാം സ്ഥാനത്തെത്തി.


