22
Nov 2025
Sun
22 Nov 2025 Sun
kuttiyadi acupuncture

കോഴിക്കോട്: വ്യാജ ചികില്‍സ നടത്തി ആളുകളെ കൊല്ലുന്നു എന്നാരോപിച്ച് കുറ്റ്യാടി ഊരത്ത് അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം. ഷുഹൈബ് റിയാലുവിന്റെ നേതൃത്വത്തിലുള്ള ‘അക്യുഷ് അക്യുപങ്ചര്‍ അക്കാദമി’ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലായിരുന്നു സംഭവം. ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്യാമ്പ് സംഘടിപ്പിച്ച പേരാമ്പ്ര സ്വദേശി ഫെമിന എന്ന യുവതിക്ക് കാര്യമായ പരിക്കേറ്റതായാണ് വിവരം. ഇവരുടെ കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ യുവതി ചികിത്സയിലാണ്.

ഇന്നലെ രാവിലെയായിരുന്നു ‘അക്യുഷ് അക്യുപങ്ചര്‍ അക്കാദമി’ ക്യാമ്പ് സംഘടിപ്പിച്ചത്. ഒമ്പത് മണിക്ക് തുടങ്ങിയ ക്യാമ്പിലേക്ക് 11. 30ഓടെ ഒരു സംഘം ഇരച്ചെത്തുകയായിരുന്നു.

ALSO READ: ക്യാന്‍സര്‍ മാറാന്‍ രാവിലെയും വൈകീട്ടം വെയില് കൊണ്ടാല്‍ മതി; വേദന കൂടുന്നത് രോഗം മാറുന്നതിന്റെ ലക്ഷണം; അക്യുപങ്ചര്‍ ചികില്‍സകന്റെ ഉപദേശമനുസരിച്ച യുവതി രോഗം മൂര്‍ഛിച്ചു മരിച്ചു

നേരത്തെ, കുറ്റ്യാടിയില്‍ അക്യുപങ്ചര്‍ ചികിത്സയ്ക്ക് പിന്നാലെ ഒരു യുവതി മരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ക്യാമ്പിന്റെ സംഘാടകര്‍ സംഭവത്തില്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കുറ്റ്യാടിയിലെ യുവതിയുടെ മരണം അക്യുപങ്ചര്‍ ചികിത്സയിലെ പിഴവ് മൂലമാണ് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധവും കുറ്റ്യാടിയില്‍ നടന്നിരുന്നു. അശാസ്ത്രീയമായ അക്യുപങ്ചര്‍ ചികിത്സ രീതി തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അക്യുപങ്ചര്‍ ചികില്‍സകരുടെ ഉപദേശം കേട്ട് മതിയായ ചികില്‍സ തേടാതിരുന്ന കുറ്റ്യാടി സ്വദേശി ഹാജറയെന്ന യുവതി ക്യാന്‍സര്‍ മൂര്‍ഛിച്ചാണ് മരിച്ചത്. ഇതേ തുടര്‍ന്ന് ഹാജറയുടെ കുടുംബം അക്യുപങ്ചര്‍ ചികിത്സകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഹാജറയും അക്യുപങ്ചര്‍ ചികിത്സകരും തമ്മിലുള്ള സംഭാഷണവും പുറത്ത് വന്നു. വേദന മൂര്‍ഛിക്കുന്നത് രോഗം മാറുന്നതിന്റെ സൂചനയെന്ന് അക്യുപങ്ചര്‍ ചികിത്സകര്‍ ഓഡിയോയില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ പോയാല്‍ അവര്‍ കീറിമുറിക്കുമെന്നു ഭീഷണിപ്പെടുത്തിയ ചികില്‍സകര്‍ അക്യുപങ്ചറിലൂടെ ക്യാന്‍സര്‍ ഭേദമാകുമെന്നും ഉപദേശം നല്‍കുന്നുണ്ട്.

മൂന്ന് മുതല്‍ ആറ് മാസം കൊണ്ട് അക്യുപങ്ചര്‍ ഡോക്ടറാവാമെന്ന് വിശ്വസിപ്പിച്ചാണ് പല സ്ഥലത്തും ക്യാമ്പുകളും കോഴ്‌സുകളും സംഘടിപ്പിക്കുന്നത്. അശാസ്ത്രീയമായ ചികില്‍സയ്ക്ക് പിന്നാലെ പലരുടെയും രോഗം മൂര്‍ഛിക്കുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നുണ്ട്. ഇവരുടെ വാക്ക് വിശ്വസിച്ച് അക്യുപങ്ചര്‍ ചികില്‍സ തുടങ്ങിയ മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവതി സ്വന്തം കുഞ്ഞിന് പനി മൂര്‍ഛിച്ചിട്ടും ചികില്‍സ നല്‍കാത്തതിന് തുടര്‍ന്ന് കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.