കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. കണ്ണൂർ തലശേരി ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. പാലയാട് സ്വദേശി മഹേഷാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ചികിത്സയ്ക്കെത്തിയ മഹേഷ് മദ്യലഹരിയില്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് വനിതാ ഡോക്ടർ അമൃതയുടെ പരാതി.
|
അപകടത്തിൽ പരിക്കേറ്റ മഹേഷ് ഇന്ന് പുലര്‍ച്ചെയാണ് തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു. പരിശോധനയിൽ മുറിവ് ഗുരുതരമല്ലെന്ന് കണ്ടെത്തി. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടുനോക്കിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
നേരത്തെ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വന്ദനാ ദാസെന്ന ഡോക്ടറെ പൊലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചയാള്‍ കുത്തിക്കൊന്നിരുന്നു. സന്ദീപ് എന്നയാളാണ് കൊലപാതകം നടത്തിയത്. സംഭവസ്ഥലത്തുനിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി നിലവില്‍ റിമാന്‍ഡിലാണ്. അതിനു ശേഷം തൃശൂര്‍ കുന്നംകുളത്തും ഇടുക്കി നെടുങ്കണ്ടത്തുമുള്‍പ്പെടെ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.





