ഫ്‌ലോറിഡ: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചരിത്ര നിമിഷത്തിന് വിജയകരമായ തുടക്കം. (Axiom 4 successfully launched; Shubhanshu Shukla to write history) രാകേഷ് ശര്‍മക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാവാന്‍ ശുഭാംശു ശുക്ല.
|
ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ യാത്ര ‘ആക്‌സിയം 4’ ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം.
ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ നയന്‍ റോക്കറ്റിലാണ് കുതിച്ചുയര്‍ന്നത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ, യു.എസില്‍ നിന്നുള്ള പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവിസ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപ്പു എന്നിവരാണ് യാത്രികര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്.
രാകേഷ് ശര്‍മക്കുശേഷം 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിക്കുന്നതോടെ ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും ശുഭാംശു സ്വന്തമാക്കും.
നാസ, ഐ.എസ്.ആര്‍.ഒ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്‌സിയം 4. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യത്തിന് പിന്നില്‍. ഐ.എസ്.ആര്‍.ഒയും ആക്സിയവും നാസയും സ്പേസ് എക്സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.
നേരത്തെ പലതവണ മാറ്റിവെച്ചതാണ് ആക്‌സിയം ദൗത്യം. ഇതിനുമുമ്പ് ജൂണ്‍ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്‌നങ്ങളും കാരണം തീയതി മാറ്റുകയായിരുന്നു.
പേടകം നാളെ വൈകീട്ട് നാലരയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘം ബഹരാകാശ നിലയത്തില്‍ 14 ദിവസം ചെലവിടും. വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമാകും.
ബഹിരാകാശ നിലയത്തില്‍ 60 ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തും. സൂക്ഷ്മ ആല്‍ഗകളുടെയും സയനോബാക്ടീരിയകളുടേയും വളര്‍ച്ചയും മൈക്രോ ഗ്രാവിറ്റിയില്‍ പേശികളുടെ പുനരുജ്ജീവനവും പഠിക്കും. ഭാവിയിലെ ബഹിരാകാശ ഭക്ഷ്യ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് ധാന്യങ്ങള്‍ മുളപ്പിക്കും.
സാങ്കേതിക പ്രശ്‌നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ആക്‌സിയം- 4. ഐഎസ്ആര്‍ഒക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാന്‍ഷു ശുക്ല പ്രത്യേകമായി ചെയ്യും. ശുഭാന്‍ഷു ബഹിരാകാശയാത്ര ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് കൂടുതല്‍ കരുത്ത് പകരും.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ ഒരാളാണ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല. ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചെലവഴിച്ചു. ഇതില്‍ ശുഭാന്‍ഷു ശുക്ലയുടെയും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായരുടെയും വിക്ഷേപണവും പരിശീലനവും ഉള്‍പ്പെടുന്നു.
പ്രശാന്ത് നായരും ഗഗന്‍യാന്‍ പ്രോഗ്രാമിന്റെ ഭാഗമാണ്. ശുഭാന്‍ഷുവിന് സ്‌പേസ് എക്‌സും ആക്‌സിയം സ്‌പേസും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.





