ന്യൂദല്‍ഹി: ബാബരി മസ്ജിദ് ഭൂമി ക്ഷേത്രത്തിന് വിട്ടുകൊടുത്ത് തര്‍ക്കം പരിഹരിക്കാനുള്ള മാര്‍ഗം ദൈവം കാണിച്ചു തന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അയോധ്യ-ബാബരി മസ്ജിദ് തര്‍ക്കപരിഹാരത്തിനായി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും ദൈവം ഒരു വഴി കണ്ടെത്തി നല്‍കിയെന്നും ചന്ദ്രചൂഡ് പറഞ്ഞു.
|
ഒരാള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ദൈവം ഒരു വഴി കണ്ടെത്തി തരുമെന്ന് അദ്ദേഹം പറഞ്ഞു. ഖേഡ് താലൂക്കിലെ തന്റെ ജന്മനാടായ കന്‍ഹെര്‍സര്‍ ഗ്രാമത്തിലെ നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: കണ്ണില്‍മുളക്‌പൊടിയെറിഞ്ഞ് 25 ലക്ഷം രൂപ തട്ടിയത് നാടകം; പരാതിക്കാരനും കൂട്ടാളിയും പിടിയില്‍
‘ഞങ്ങള്‍ക്ക് പല തരം തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഉണ്ടാകാറുണ്ട്. പലതിലും ഞങ്ങള്‍ക്ക് ഒരു പരിഹാരത്തിലെത്താന്‍ സാധിച്ചിരുന്നില്ല. അയോധ്യ വിഷയത്തിലും സമാനമായ അവസ്ഥ ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ദേവന്റെ മുമ്പില്‍ ഇരുന്നു. ഒരു പരിഹാരം കാണേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. ദേവന്‍ ഒരു വഴി കണ്ടെത്തി നല്‍കി , ‘ ചീഫ് ജസ്റ്റിസ് പറഞ്ഞു.
2019 നവംബര്‍ ഒമ്പതിന്, അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കി വിധി പറഞ്ഞിത്. ഒപ്പം അയോധ്യയില്‍ തന്നെ ബദലായി അഞ്ചേക്കര്‍ സ്ഥലത്ത് പള്ളി നിര്‍മിക്കാമെന്നും നിര്‍ദേശിച്ചു. ഈ അന്യായ വിധി മുസ്ലിംകള്‍ അംഗീകരിച്ചിരുന്നില്ല.
ഈ വര്‍ഷം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടന്നു. എന്നാല്‍ മസ്ജിദിന്റെ തറക്കല്ല് പോലും ഇപ്പോഴും ഇട്ടിട്ടില്ല. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എസ്.എ ബോബ്ഡെ, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരായിരുന്നു ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക പരിഹാര കേസിലെ വിധി പറഞ്ഞ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
സ്പ്തംബറില്‍ ഗണേശ പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രചൂഡിന്റെ വസതിയില്‍ എത്തിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അടുത്ത മാസം വിരമിക്കാനിരിക്കുകയാണ് ചന്ദ്രചൂഡ്.


