തിരുവനന്തപുരം: സർക്കാർ ജീവനക്കാർ യുട്യൂബ് ചാനലുകൾ തുടങ്ങുന്നതിന് വിലക്ക്. യൂട്യൂബ് ചാനലുകൾ വഴി വരുമാനം ലഭിക്കുമെന്നും ഇത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ചാനലുകൾക്ക് നിശ്ചിതപരിധിക്കപ്പുറം സബ്‌സ്‌ക്രൈബർമാരെ ലഭിച്ചാൽ വീഡിയോ അപ്ലോഡ് ചെയ്യുന്നയാൾക്ക് യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കും.ഇത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.
|
ഇന്റർനെറ്റിലോ സാമൂഹികമാധ്യമങ്ങളിലോ ലേഖനമോ വീഡിയോയോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗതപ്രവർത്തനമായോ ക്രിയാത്മക സ്വാതന്ത്ര്യമായോ കണക്കാക്കാം. എന്നാൽ, വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാവുമെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ മാധ്യമങ്ങളിൽ കലാപ്രവർത്തനം നടത്തുന്നതിനുള്ള അനുമതി തേടി അഗ്‌നിരക്ഷാസേനയിൽ നിന്ന് അയച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിനു പുറമേ മറ്റു വരുമാനം പാടില്ല. ഇന്റർനെറ്റിലോ സമൂഹ മാധ്യമത്തിലോ വിഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നതു വ്യക്തിഗത പ്രവർത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോ അപ്!ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന കാര്യമാണ്.
സംസ്ഥാനത്ത് ഇതിനകം കൂടുതൽ ഹിറ്റായ നിരവധി യൂടൂബ് ചാനലുകൾ നടത്തുന്നത് അധ്യാപകരടക്കമുള്ള സർക്കാർ ജീവനക്കാരാണ്. പുതിയ നിർദേശം അത്തരക്കാർക്ക് കനത്ത തിരിച്ചടിയാകും. പുതിയ സാഹചര്യത്തിൽ ഒന്നുകിൽ ചാനൽ അവതരണം ഉപേക്ഷിക്കേണ്ടിവരും. എന്നാൽ, സർക്കാർ ജോലിയിൽനിന്നുള്ള ശമ്പളത്തെക്കാൾ ചാനൽവഴി വരുമാനം ഉള്ളതുകൊണ്ട് നീണ്ട അവധിയിൽപോയി ചാനലുമായി മുന്നോട്ടുപോകാനാകും ഹിറ്റ് ചാനൽ നടത്തുന്നവർ തീരുമാനിക്കുക.



