മുഖം മറയുന്ന രീതിയിലുള്ള പര്‍ദ്ദ, ശിരോവസ്ത്രം, മാസ്‌ക്, ഹെല്‍മറ്റ് എന്നിവ ധരിച്ചു ജ്വല്ലറിയിലേക്ക് വരുന്നവര്‍ക്ക് സ്വര്‍ണം വില്‍ക്കുന്നതിന് വിലക്ക്. ഉത്തര്‍ പ്രദേശ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ വാരണാസി യൂണിറ്റാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
|
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മോഷണം, കവര്‍ച്ച, തട്ടിപ്പ് തുടങ്ങിയ സംഭവങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് തീരുമാനമെടുത്തതെന്ന് ഉത്തര്‍ പ്രദേശ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ പോസ്റ്ററുകള്‍ കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.
അടുത്തിടെ സമാന നിയന്ത്രണം ബിഹാറില്‍ നടപ്പാക്കിയിരുന്നു. ബിഹാറില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചു ജ്വല്ലറികളില്‍ പ്രവേശിക്കുന്നതിനും വാങ്ങുന്നതിലും വില്‍ക്കുന്നതിനുമാണ് നിയന്ത്രണം. ഇതിന് പിന്നാലെയാണ് വാരാണസിയിലും നിയന്ത്രണം കൊണ്ടുവരുന്നത്.
മുഖം മറച്ചെത്തുന്നവര്‍ക്ക് തങ്ങള്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കില്ലെന്ന് ഉത്തര്‍പ്രദേശ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് കമല്‍ സിങ് പറഞ്ഞു. മുഖം മറച്ചെത്തി കവര്‍ച്ച നടത്തിയാല്‍ അവരെ കണ്ടെത്താന്‍ പ്രയാസമാണ്. ഇതിനായി കടകള്‍ക്ക് മുന്നില്‍ ഞങ്ങള്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ പറയുന്നത്, മുഖം മറച്ചുകൊണ്ട് കടകളിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ സുരക്ഷയാണ് പ്രധാനം. ഹിജാബ് ധരിച്ചെത്തുന്നവര്‍ കടയില്‍ പ്രവേശിക്കുമ്പോള്‍ മുഖം മറ നീക്കം ചെയ്യണം. ഝാന്‍സി ഉള്‍പ്പെടെ സംസ്ഥാനത്തെ പല ജില്ലകളിലെയും ജ്വല്ലറി കടകള്‍ക്ക് മുന്നില്‍ സമാനമായ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സത്യനാരായണ്‍ സേഥ് പറഞ്ഞു. വാരാണസിയില്‍ ആയിരക്കണക്കിന് സ്വര്‍ണക്കടകളുണ്ട്. മുഖം മറച്ചെത്തുന്ന ആളുകള്‍ കാരണം എല്ലാവരും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ തീരുമാനം ഒരു മതത്തോടുമുള്ള എതിര്‍പ്പ് മൂലമല്ലെന്നും ജ്വല്ലറി ഉടമകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി. മുസ്ലീം ഉപഭോക്താക്കള്‍ക്ക് ബുര്‍ഖ ധരിച്ച് വരാം, എന്നാല്‍ കടയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അത് നീക്കം ചെയ്ത് തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പുവരുത്തണമെന്നും അസോസിയേഷന്‍ പറഞ്ഞു.
എന്നാല്‍ ബുര്‍ഖ ധരിച്ചെത്തുന്ന ഉപഭോക്താക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തെറ്റാണെന്നും ഇത് ഉപഭോക്താക്കളെ അകറ്റുമെന്നും ഒരു വ്യാപാരി മുന്നറിയിപ്പ് നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





