25
Jun 2025
Sun
25 Jun 2025 Sun
banned students group SIMI Ex- office-bearer Saquib Nachan dies in Delhi hospital

ന്യൂഡല്‍ഹി: നിരോധിത വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (SIMI) യുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ എന്ന സാഖ്വിബ് അബ്ദുല്‍ ഹമീദ് നാച്ചന്‍ അന്തരിച്ചു. 57 വയസ്സുണ്ട്. തലച്ചോറിലുണ്ടായ രക്തസ്രാവംമൂലം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍വച്ചാണ് മരണം സംഭവിച്ചത്. 2002ല്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ സിമിയെ നിരോധിക്കുമ്പോള്‍ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു നാച്ചനെ രാജ്യത്തെ വിവിധ തീവ്രവാദ, ആക്രമണകേസുകളളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2002, 2003 കാലത്ത് മുംബൈ സെന്‍ട്രല്‍, വൈല്‍ പാര്‍ലെ, മുളുന്ദ് എന്നിവിടങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും ജയിലിലെ നല്ലനടപ്പു പരിഗണിച്ച് 2017 ല്‍ മോചിപ്പിക്കുകയായിരുന്നു. എന്നാല്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി രജിസ്റ്റര്‍ ചെയ്ത ഐസിസ് കേസില്‍ 2023ല്‍ വീണ്ടും നാച്ചനെ എന്‍ഐഎ അറസ്റ്റ്‌ചെയ്തു. സ്‌ഫോടനങ്ങള്‍ നടത്താനുള്ള ഐസിസ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത് സാഖ്വിബ് നാച്ചന്‍ ആണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഈ കേസില്‍ സാഖ്വിബിന്റെ മൂത്തമകന്‍ മകന്‍ ശാമില്‍ നാച്ചനനെയും അറസ്റ്റ്‌ചെയ്തിരുന്നു. കേസില്‍ എന്‍ഐഎ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് രോഗം ഗുരുതരമായതും മരിച്ചതും.

2023 ഡിസംബറില്‍ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പഡ്ഗയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്ത നാച്ചനെ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. അവിടെ തന്നെ കസ്റ്റഡിയില്‍ തുടരുന്നതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ 22 ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നു കൂടുതല്‍ വിദഗ്ധ ചികിത്സാ സഹായത്തിനായാണ് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ ജനാസ മുംബൈയിലെ പഡ്ഗയിലേക്ക് കൊണ്ട് പോവുമെന്ന് നാച്ചന്റെ കുടുംബം അറിയിച്ചു.

മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബോറിവലി പഡ്ഗ എന്ന ഗ്രാമത്തിലെ കൊങ്കണി മുസ്‌ലിം കുടുംബത്തില്‍ പ്രദേശത്തെ പ്രമുഖ സമുദായ നേതാവായ അബ്ദുല്‍ ഹമീദ് നാച്ചന്റെ മൂന്നാമത്തെ മകനായിട്ടാണ് സാക്വിബ് നാച്ചന്‍ ജനിച്ചത്. കൊമേഴ്‌സ് ബിരുദധാരിയായ നാച്ചന്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദിലൂടെയാണ് തന്റെ പ്രത്യയശാസ്ത്ര പ്രസ്ഥാന ജീവിത യാത്ര ആരംഭിച്ചത്. 1980 കളുടെ തുടക്കത്തില്‍ ഇസ്‌ലാമിക വിദ്യാര്‍ഥി യുവജന സംഘടനയായ സിമിയുടെ ഭാഗമായി.

സിഖ് തീവ്രവാദ നേതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ഇന്ത്യയില്‍ ഇസ്‌ലാമിക ഖലിസ്ഥാനി സഖ്യത്തിന് ശ്രമിച്ചതായും ആരോപിച്ചു 1992ല്‍, ടാഡ നിയമപ്രകാരം നാച്ചനെ അറസ്റ്റ് ചെയ്തു. 1992 ലെ സിബിഐ കുറ്റപത്ര പ്രകാരം തുടക്കത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ 10 വര്‍ഷമായി കുറച്ചു. ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കി അദ്ദേഹം ജയില്‍ മോചിതനായി.

Saquib Nachan, a former office-bearer of the banned Students Islamic Movement of India (SIMI) and an accused in the Pune ISIS module case, died in a Delhi hospital on Saturday (June 28, 2025), days after suffering a brain haemorrhage,