ന്യൂഡല്‍ഹി: ഹിന്ദി സംസാരിച്ചതിന് തമിഴ്‌നാട്ടില്‍ ബിഹാറില്‍നിന്നുള്ള 12 കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ബിജെപി വക്താവ് മാപ്പുപറയണമെന്ന് സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ ബിജെപി വക്താവും അഭിഭാഷകനുമായ പ്രശാന്ത് ഉംറാവുവിനോടാണ് കോടതിയുടെ നിര്‍ദേശം. അഭിഭാഷകന്‍ കൂടിയായ പ്രശാന്ത് ഉംറാവു വിഷയത്തില്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധം കാണിക്കേണ്ടിയിരുന്നുവെന്നും ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
|
ഹിന്ദി സംസാരിച്ചതിന് ബിഹാറില്‍ നിന്നുള്ള 15 കുടിയേറ്റ തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിലേറ്റിയെന്നും അതില്‍ 12 പേര്‍ മരിച്ചെന്നുമാണ് ഫെബ്രുവരി 23ന് ഉംറാവു ട്വീറ്റ് ചെയ്തത്. ഇതിനെതിരേ തമിഴ്‌നാട് സര്‍ക്കാരാണ് ബിജെപി നേതാവിനെതിരേ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം തമിഴ്‌നാട് പോലീസ് രജിസ്റ്റര്‍ചെയ്ത തന്റെ പേരിലുള്ള എഫ്‌ഐആറുകള്‍ ഒന്നാക്കണമെന്നും മുന്‍കൂര്‍ ജാമ്യത്തിന് മദ്രാസ് ഹൈക്കോടതി വെച്ച ഉപാധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രശാന്തിന്റെ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാറിന് നോട്ടീസ് അയച്ച ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് 15 ദിവസം തുടര്‍ച്ചയായി പൊലീസ് മുമ്പാകെ ഒപ്പുവെക്കണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുകയും ചെയ്തു.





