മലപ്പുറം: ഭാരതീയ ന്യായ് സംഹിത അനുസരിച്ച് സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടിയില്‍. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതാണ് കുറ്റം. (bharatiya-nyaya-sanhita-first-case-registered-in-kerala) ഭാരതീയ ന്യായ് സംഹിതയിലെ 281-ാം വകുപ്പ് ചുമത്തിയാണ് കര്‍ണാടകയിലെ കൊടക് മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തത്.
|
അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിനാണ് കൊണ്ടോട്ടി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.19നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈം നമ്പര്‍ 936 പ്രകാരമാണ് കര്‍ണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട്- പാലക്കാട് റോഡിലൂടെ പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഹെല്‍മറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹം ഓടിച്ചതിനാണ് കേസ്. കൊളത്തൂര്‍ എന്ന സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്.
ഭാരതീയ ന്യായസംഹിത 2023ലെ വകുപ്പ് 281, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988ലെ വകുപ്പ് 194 ഡി എന്നിവയാണു ചുമത്തിയിരിക്കുന്നത്.
ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിന് പകരം ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്ന ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്.
ആദ്യ കേസ് റദ്ദാക്കി
പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം റജിസ്റ്റര്‍ ചെയ്ത ആദ്യകേസ് റദ്ദാക്കി ഡല്‍ഹി പൊലീസ്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫുട്ട് ഓവര്‍ ബ്രിജിനടിയില്‍ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണു എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ എഫ്ഐആര്‍ പരിശോധിച്ചശേഷം ഒഴിവാക്കിയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
നിലവില്‍ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതു മധ്യപ്രദേശിലെ ഗ്വാളിയറില്‍നിന്നാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഗ്വാളിയാറില്‍ മോട്ടോര്‍ സൈക്കിള്‍ മോഷണത്തിനാണു പുതിയ നിയമപ്രകാരം ആദ്യ കേസെടുത്തത്. ജൂണ്‍ ഒന്നിനു പുലര്‍ച്ചെ 12.10നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. രണ്ടാമത്തെ കേസ് ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ പൊലീസ് സ്റ്റേഷനിലും റജിസ്റ്റര്‍ ചെയ്തു.


