|
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണർ തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 35 ആയി. ഇരകളിൽ ബഹുഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. ഇയാൾക്കായി എൻഡിആർഎഫും സൈന്യവും അടക്കമുള്ളവർ തിരച്ചിൽ തുടരുകയാണെന്ന് ഇൻഡോർ ജില്ലാ കലക്ടർ ഡോ. ടി ഇളയരാജ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ് 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തതായും കലക്ടർ അറിയിച്ചു. അതേസമയം പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. രാമനവമി ആഘോഷത്തിനിടെ ഇൻഡോറിലെ ശ്രീ ബലേശ്വർ മഹാദേവ ക്ഷേത്രത്തിലെ കിണറാണ് തകർന്നത്.
രാമ നവമിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വലിയ തിരക്കായിരുന്നു. ഇതിനിടെയാണ് 60 അടിയോളം താഴ്ചയുള്ള ക്ഷേത്രക്കിണർ തകർന്നത്. കൽപ്പടവോടു കൂടിയ കിണറിന്റെ മേൽക്കൂര തകർന്നാണ് അപകടം സംഭവിച്ചത്. തിരക്ക് നിയന്ത്രണാതീതമായതോടെ, ക്ഷേത്രക്കിണറിന്റെ മേൽഭാഗം മൂടിക്കൊണ്ടുള്ള നിർമിതി ഇടിഞ്ഞുവീഴുകയായിരുന്നു.
സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതം നൽകും.





