പട്‌ന: നീറ്റ്-യുജി പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) അന്വേഷണത്തില്‍ സ്ഥിരീകരണം. (Bihar police found questions matching original NEET question paper ) ഇക്കാര്യം ബിഹാര്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ അത് കത്തിച്ചെങ്കിലും പൂര്‍ണമായി കത്താത്തത് തെളിവായി. ഭാഗികമായി കത്തിയ നിലയില്‍ കണ്ടെത്തിയ ചോദ്യപേപ്പറിലുണ്ടായിരുന്ന 68 ചോദ്യങ്ങള്‍ എന്‍.ടി.എ നീറ്റ് പരീക്ഷക്ക് നല്‍കിയ ചോദ്യപേപ്പറിലുള്ളതാണെന്ന് ഇഒയു സ്ഥിരീകരിച്ചു.
|
ശനിയാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇ.ഒ.യു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കണ്ടെത്തിയ ചോദ്യപേപ്പറിലെ പരീക്ഷാ സെന്റര്‍ കോഡ് എന്‍ടിഎ നീറ്റ് പരീക്ഷാ കേന്ദ്രമായ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിന്റെതാണ്. ഫോറന്‍സിക് പരിശോധനയിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചത്.
ഇഒയു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. പുതുതായി അഞ്ച് പേരെ കൂടി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം 18 ആയി.
എവിട വെച്ചാണ് ചോര്‍ച്ചയുണ്ടായതെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. എന്‍ടിഎയില്‍ നിന്ന് ഒയാസിസ് സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ചോദ്യ പേപ്പറുകളുടെ പാക്കറ്റുകള്‍ സ്‌കൂളില്‍ എത്തുന്നതിന് മുമ്പ് ചോര്‍ന്നതാകുമെന്ന് ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇഹ്‌സാനുല്‍ ഹഖ് മാധ്യമങ്ങളോട് പറഞ്ഞു.മെയ് അഞ്ചിന് രാവിലെ സെന്റര്‍ സൂപ്രണ്ടിനും എന്‍ടിഎ ഒബ്‌സര്‍വറിനും ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ ലഭിച്ചു. പരീക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ചാണ് പാക്കറ്റുകള്‍ തുറന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമണെന്നും ഇഹ്‌സാനുല്‍ ഹഖ് പറഞ്ഞു.


