27
Jul 2024
Thu
27 Jul 2024 Thu
Binoy Vishwam Slams SFI

ആലപ്പുഴ: പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. (Binoy viswam slams SFI barbarianism )  ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിനോയ് വിശ്വം എസ്എഫ്‌ഐക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാകൃതമായ സംസ്‌കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. എസ്എഫ്‌ഐക്കാരെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം പഠിപ്പിക്കണം. ഇല്ലെങ്കില്‍ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് അവരെ ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വലിയ വിവാദമയ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം.

ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റംചെയ്‌തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. അതേസമയം, പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐക്കാരുടെ ആരോപണം.

നിയമസഭയില്‍ വന്‍ പ്രതിഷേധം
അതേസമയം, കാര്യവട്ടം കാംപസിലെ എസ്എഫ്‌ഐ അക്രമം ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. വലിയ ബഹളമാണ് കാര്യവട്ടം കാംപസിലെ എസ്.എഫ്.ഐ അക്രമത്തെ ചൊല്ലി സഭയില്‍ ഉണ്ടായത്. 121ാം നമ്പര്‍ മുറി കാര്യവട്ടം കാംപസിലെ ഇടിമുറിയാണെന്നും എസ്.എഫ്.ഐയുടെ അതിക്രമങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.

എന്നാല്‍ കാര്യവട്ടം കാംപസ് ഹോസ്റ്റലില്‍ പുറത്ത് നിന്നൊരാള്‍ പ്രവേശിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഹോസ്റ്റലിലെ സംഘര്‍ഷത്തിന്റെ പേരില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നടപടികളില്‍ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ അന്വേഷണം നടത്തി നടപടികള്‍ ഉണ്ടാകും. സംഘര്‍ഷം ഒഴിവാക്കാനുള്ള മുന്‍കരുതലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ.എസ്.യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട് എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേച്ചൊല്ലി ഇരുവിഭാഗവും കഴിഞ്ഞ ദിവസം കാംപസിലും ശ്രീകാര്യം സ്റ്റേഷന് മുന്നിലും ഏറ്റുമുട്ടിയിരുന്നു. അക്രമത്തില്‍ എ. വിന്‍സന്റ് എം.എല്‍.എയെ എസ്.എഫ്.ഐക്കാര്‍ കൈയേറ്റം ചെയ്തു. ഒരു പൊലീസുകാരനും കെ.എസ്.യു പ്രവര്‍ത്തകനും മര്‍ദനമേറ്റിരുന്നു. ഈ സംഭവത്തില്‍ കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, എസ്.എഫ്.ഐ കേരളത്തിന് ബാധ്യതയായി മാറിയെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച എം.വിന്‍സെന്റ് എം.എല്‍.എ പറഞ്ഞു. കാര്യവട്ടം കാമ്പസില്‍ പഠിക്കാന്‍ അപേക്ഷിച്ചവരുടെ എണ്ണം കുറഞ്ഞു. അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.