ന്യൂയോര്‍ക്ക്: കുടിയേറ്റക്കാരോടും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോടും കരുണ കാണിക്കണമെന്ന് വാഷിങ്ടണ്‍ എപ്പിസ്‌കോപ്പല്‍ ബിഷപ്പ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ.(Bishop’s emotional speech calls on Trump to show mercy to immigrants and transgender people) അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെ ട്രംപിനെ സദസ്സില്‍ ഇരുത്തിയായിരുന്നു ബിഷപ്പിന്റെ അഭ്യര്‍ഥന. ഇതു കേട്ട് അത്ര ഇഷ്ടപ്പെടാത്ത മട്ടില്‍ ട്രംപ് ഇരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
|
ബിഷപ്പ് അഭ്യര്‍ഥന നടത്തിയപ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ വളരെ ഗൗരവം നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു ട്രംപ് ഇരുന്നത്. ഭാര്യ മെലാനിയായും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഒപ്പമുണ്ടായിരുന്നു.
” നമ്മുടെ ദൈവത്തിന്റെ നാമത്തില്‍, രാജ്യത്ത് ഇപ്പോള്‍ ഭയപ്പെടുന്ന ആളുകളോട് കരുണ കാണിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നമ്മുടെ കുടുംബങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗികളും ലെസ്ബിയന്‍, ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളും ഉണ്ട്. അവര്‍ ഇപ്പോള്‍ ഭീതിയിലാണ്. അവരില്‍ ചിലര്‍ അവരുടെ ജീവിതം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു.”
കുടിയേറ്റക്കാര്‍ എല്ലാവരും ക്രിമിനലുകളല്ല, നമ്മുടെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവരും ഓഫീസ് കെട്ടിടങ്ങള്‍ വൃത്തിയാക്കുന്നവരും കോഴി ഫാമുകളിലും ഇറച്ചി പാക്കിങ് പ്ലാന്റുകളിലും ജോലി ചെയ്യുന്നവരും ഭക്ഷണശാലകളില്‍ പാത്രങ്ങള്‍ കഴുകുന്നവരും ആശുപത്രികളില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരും, അവര്‍ രേഖകളുള്ള പൗരന്മാരായിരിക്കണമെന്നില്ല. കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ക്രിമിനലുകളല്ല. അവര്‍ ടാക്‌സ് അടക്കുന്നു, അവര്‍ നമ്മുടെ അയല്‍ക്കാരാണ്. നമ്മുടെ ചര്‍ച്ചുകളിലെയും മസ്ജിദുകളിലെയും സിനഗോഗുകളിലെയും ദുരുദ്വാരകളിലെയും വിശ്വാസികളായ അംഗങ്ങളാണ്. തങ്ങളുടെ രക്ഷിതാക്കളെ നഷ്ടപ്പെടുമെന്ന് അവരുടെ കുട്ടികള്‍ ഭയക്കുന്നു. അപരിചിതരോട് കരുണ കാണിക്കണമെന്ന് നമ്മുടെ ദൈവം പഠിപ്പിക്കുന്നു. എന്തെന്നാല്‍, നമ്മള്‍ എല്ലാവരും ഈ നാട്ടില്‍ അപരിചിതരായിരുന്നു”’- ഇങ്ങനെയായിരുന്നു -ബിഷപ് എഡ്ഗര്‍ ബുഡ്ഡേയുടെ വാക്കുകള്‍.
SPEECH OF EPISCOPAL BISHOP MARIAN BUDDYLE IN WASHINGTON DC pic.twitter.com/frdK0xZdqb
— Newstaglive (@newstaglive) January 23, 2025
പിന്നീട് പ്രാര്‍ഥനാ ചടങ്ങുകളെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു പ്രാര്‍ഥനാ ചടങ്ങ് അത്ര നന്നായതായി തോന്നിയില്ലെന്നും മടുപ്പ് തോന്നിപ്പിച്ചെന്നുമായിരുന്നു ട്രംപിന്റെ മറുപടി.


