കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂരില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി മുര്‍ഷിദാബാദ് യൂനിറ്റ്. (BJP announces construction of Ram temple in Bengal) അതേ ജില്ലയിലെ ബെല്‍ദംഗയില്‍ ബാബരി മസ്ജിദ് മാതൃകയില്‍ മസ്ജിദ് നിര്‍മിക്കുമെന്ന് ടിഎംസി എംഎല്‍എ ഹുമയൂണ്‍ കബീര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രകോപനവുമായി ബിജെപി എത്തിയത്.
|
2025 ജനുവരി 22ന് ക്ഷേത്രത്തിന്റെ പണിതുടങ്ങുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണിത്.
ക്ഷേത്രത്തിനുള്ള സ്ഥലം കണ്ടെത്തിയതായി ബിജെപി ബെര്‍ഹാംപൂര്‍ ജില്ലാ പ്രസിഡന്റ് ശര്‍ഖാരവ് സര്‍ക്കാര്‍ പറഞ്ഞു. 10 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അയോധ്യയിലെ അതേ മാതൃകയിലാണ് ക്ഷേത്രം പണിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച്ചയാണ് ബെല്‍ദംഗയിലെ ടിഎംസി എംഎല്‍എ കബീര്‍ മസ്ജിദ് നിര്‍മാണം പ്രഖ്യാപിച്ചത്. പ്രദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വികാരം മാനിച്ചാണ് പള്ളി പണിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അവസരം മുതലെടുത്താണ് ബദല്‍ പദ്ധതിയുമായി ബിജെപി രംഗത്തെത്തിയത്. 75 ശതമാനം മുസ്ലിംകളുള്ള മുര്‍ഷിദാബാദിലെ ഹിന്ദു സമൂഹത്തിനിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം.
അതേസമയം, കബീറിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ടിഎംസി പ്രതികരിച്ചു.