അഹ്‌മദാബാദ്: കോണ്‍ഗ്രസിന്റെ പിടിപ്പ് കേടും ബിജെപിയുടെ കുതന്ത്രങ്ങളും ഒരുമിച്ചപ്പോള്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് മുന്നേ എന്‍ഡിഎക്ക് ആദ്യ ജയം. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സൂറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ തന്നെ അപൂര്‍വ്വതയായി ഇത് മാറി. ( BJP Candidate In Gujarat’s Surat Wins Unopposed After Congress Pick Rejected, Others Withdraw Nomination )
|
സൂറത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിന് പിന്നാലെ ബിഎസ്പി സ്ഥാനാര്‍ഥിയും സ്വതന്ത്രന്‍മാരും പത്രിക പിന്‍വലിച്ചതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ശനിയാഴ്ച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുഭാണിയെ പിന്താങ്ങിയ മൂന്നു പേരും പിന്മാറി.തോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. തങ്ങളുടെ ഒപ്പ് വ്യാജമായി നിലേഷിന്റെ പത്രികയില്‍ ഉള്‍പ്പെടുത്തി എന്ന് സത്യവാങ്മൂലം നല്‍കിയായിരുന്നു പിന്മാറ്റം. പിന്താങ്ങിയവര്‍ പിന്മാറിയ കാരണം പറഞ്ഞ് നിലേഷ് കുഭാണിയുടെ പത്രിക തള്ളി. കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയ സുരേഷ് പഡസലയും സമാന രീതിയില്‍ പുറത്തായി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിന് പിന്നാലെ പത്രിക പിന്‍വലിക്കാനുള്ള അവസാ ദിവസം ബിഎസ്പി സ്ഥാനാര്‍ഥിയും ഏഴ് സ്വതന്ത്രന്‍മാരും പത്രിക പിന്‍വലിച്ചതോടെയാണ് മുകേഷ് ദലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്താങ്ങിയവരും ബിഎസ്പി സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാനാര്‍ഥികളും പിന്മാറിയത് പ്രതിപക്ഷത്തെ ഒന്നാകെ ഞെട്ടിച്ചു. ആകെയുണ്ടായിരുന്ന 24 സ്ഥാനാര്‍ഥികളില്‍ 12 പേരുടെ പത്രിക തള്ളുകയും 12 പേര്‍ പിന്‍വലിക്കുകയുമായിരുന്നു.
ശ്രദ്ധേയമായ മറ്റൊരു കാര്യം ആം ആദ്മി പാര്‍ട്ടി അവകാശവാദമുന്നയിച്ചിരുന്ന സീറ്റായിരുന്നു സൂറത്ത് എന്നതാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സൂറത്തില്‍ എഎപിയായിരുന്നു രണ്ടാം സ്ഥാനത്ത്. ഈ കാരണം കൊണ്ട് ഇന്‍ഡ്യ മുന്നണിയില്‍ മല്‍സരിക്കാന്‍ തങ്ങള്‍ക്ക് സൂറത്ത് സീറ്റ് വിട്ടു നല്‍കണമെന്ന് എഎപി ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് സമ്മതിച്ചില്ല. വാശിപിടിച്ച് വാങ്ങിയ സീറ്റില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്തുണച്ചവര്‍ തന്നെ ബിജെപിക്ക് വേണ്ടി പിന്മാറിയത് കോണ്‍ഗ്രസിന് നാണക്കേടായി.
അതേ സമയം, നാമ നിര്‍ദേശം ചെയ്തവരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പിന്മാറിയതിനു പിന്നില്‍ ബിജെപിയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കോണ്‍ഗ്രസ് പ്രതിനിധി സംഘം, സൂറത്ത് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. നിലേഷ് കുംഭാണിയുടെ പത്രിക തള്ളിയതില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസും വ്യക്തമാക്കി.





