തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പെഴുതി ബി.ജെ.പി നേതാവും തിരുവനന്തപുരം കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനില്‍ കുമാര്‍ ജീവനൊടുക്കി. ആത്മഹത്യ ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ കൈയേറ്റം.
|
വലിയശാല ഫാം ടൂര്‍ സൊസൈറ്റി ഓഫിസിലാണ് അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തത്. രാവിലെ എട്ടു മണിക്ക് ഓഫിസിലെത്തിയ അനില്‍ തൂങ്ങി മരിക്കുകയായിരുന്നു. അനില്‍കുമാറിന്റേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അനില്‍ കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നങ്ങളില്‍ താന്‍ തനിച്ചായെന്നും ആരും സഹായിച്ചില്ലെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.
ഇതു റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകുരടെ ക്യാമറ പിടിച്ചുവാങ്ങി, അസഭ്യം പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി അക്രമം അഴിച്ചുവിട്ടത്. സംഘര്‍ഷത്തിനിടെ മീഡിയവണ്‍ റിപ്പോര്‍ട്ടറെയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.
ബിജെപിയുടെ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്. ഇറങ്ങിപ്പോകാന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ കാണാം. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ല..
സൊസൈറ്റിയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ താന്‍ ഒറ്റപ്പെട്ടു. മറ്റാരും സഹായിച്ചില്ല. ഒറ്റ പൈസ പോലും എടുത്തില്ല. എല്ലാ കുറ്റങ്ങളും തന്റെ നേര്‍ക്കായി. അതിനാല്‍ ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ആത്മഹത്യ കുറിപ്പില്‍ വിശദീകരിക്കുന്നത്.
ടൂര്‍ സൊസൈറ്റി ആറു കോടി രൂപലധികം വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നം വന്നതോടെ നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്‍കാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് തമ്പാനൂര്‍ പൊലീസില്‍ പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ സൊസൈറ്റി ഭാരവാഹിയായ അനില്‍ കുമാറിനോടാണ് പൊലീസ് വിവരങ്ങള്‍ തേടിയത്.
അതേസമയം, അനില്‍കുറിന്റെ ആത്മഹത്യ കുറിപ്പില്‍ വിശദീകരണവുമായി ബി.ജെ.പി ജില്ലാ നേതൃത്വം രംഗത്തെത്തി. ടൂര്‍ സൊസൈറ്റിക്ക് പാര്‍ട്ടിയുമായി നേരിട്ട് ബന്ധമില്ലെന്ന് നേതൃത്വം വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് പണം സമയബന്ധിതമായി തിരികെ നല്‍കാന്‍ സാധിക്കാതെ വന്നപ്പോള്‍ പരാതി വന്നു.
പരാതിക്കാരെ പാര്‍ട്ടി നേരിട്ട് സമീപിക്കുകയും പണം തിരികെ നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. സൊസൈറ്റിക്ക് ആസ്തിയുള്ളതിനാല്‍ നിക്ഷേപം തിരികെ നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. അതിനാല്‍ പാര്‍ട്ടി നേതൃത്വത്തെ തള്ളിപ്പറയേണ്ട സാഹചര്യമില്ല. പുറത്തുവരുന്നത് തെറ്റായ കാര്യങ്ങളാണെന്നും ബിജെപി വ്യക്തമാക്കി.


