24
Nov 2024
Fri
24 Nov 2024 Fri
Krishna Kumar bjp

പാലക്കാട്: നഗരസഭയിലെ ഭൂരിപക്ഷവും പഞ്ചായത്തുകളിലെ മികച്ച പ്രകടനവും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയത്തിലേക്കു നയിക്കുമെന്ന പ്രതിക്ഷയില്‍ ബിജെപി. (BJP hopeful of victory in Palakkad) മെട്രോമാന്‍ ഇ. ശ്രീധരനിലൂടെ നേടാന്‍ കഴിയാത്തത് സി. കൃഷ്ണകുമാറിലൂടെ ലഭിക്കും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

5000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കൃഷ്ണകുമാര്‍ ജയിക്കും എന്നാണ് ബിജെപിയുടെ അവസാന കണക്കുകള്‍. ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയില്‍ മെച്ചപ്പെട്ട നിലയില്‍ പോളിംഗ് നടന്നതും യുഡിഎഫ് ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ പോളിംഗ് ശതമാനം കുറഞ്ഞതുമാണ് ബിജെപിയുടെ മോഹങ്ങള്‍ക്ക് അടിസ്ഥാനം.

നഗരസഭാ പരിധിയിലെ മൂത്താന്‍തറ, വടക്കന്തറ, കല്‍പ്പാത്തി തുടങ്ങിയ ബി.ജെ.പി സ്വാധീന മേഖലകളില്‍ നല്ല നിലയില്‍ വോട്ട് ചെയ്യിക്കാനായി എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. 71.10 % വോട്ടാണ് നഗരസഭയില്‍ പോള്‍ ചെയ്തത്.

നഗരസഭ പരിധിയിലെ വോട്ടുകളിലൂടെ വേണം ബിജെപിക്ക് മേല്‍ക്കൈ നേടാന്‍. മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും ബിജെപിക്ക് ലീഡ് ലഭിക്കാറില്ല. 52 വാര്‍ഡുകള്‍ ഉള്ള പാലക്കാട് നഗരസഭയില്‍ 10000 മുതല്‍ 15,000 വരെ വോട്ടുകളുടെ ലീഡാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന് നഗരസഭാപരിധിയില്‍ മികച്ച ലീഡ് നേടാനായിരുന്നു.

ALSO READ: നടനും അധ്യാപകനുമായ നാസര്‍ കറുത്തേനി പോക്‌സോ കേസില്‍ അറസ്റ്റില്‍

എന്നാല്‍, യുഡിഎഫ് സ്വാധീനമുള്ള പിരായിരി പഞ്ചായത്തില്‍ ഷാഫി പറമ്പിലിന് ലഭിച്ച മൃഗീയ ഭൂരിപക്ഷമാണ് ഷാഫിക്ക് തുണയായത്.എന്നാല്‍ ഇത്തവണ പിരായിരിയിലെ പോളിങ്ങില്‍ വന്ന ഇടിവ് യുഡിഎഫിന് ദോഷം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

2021ല്‍ 77% പോളിംഗ് നടന്ന പിരായിരിയില്‍ ഉപതെരഞ്ഞെടുപ്പില്‍ 70.89% പോളിംഗ് മാത്രമേ നടന്നിട്ടുള്ളൂ. പോളിംഗ് ശതമാനത്തിലെ ഈ കുറവ് യുഡിഎഫിന്റെ ഭൂരിപക്ഷത്തെയും ബാധിക്കും. മണ്ഡലത്തിലെ മറ്റ് രണ്ട് പഞ്ചായത്തുകളായ കണ്ണാടിയിലും മാത്തൂരിലും എല്‍ഡിഎഫിന് ലീഡ് ലഭിക്കാനാണ് സാധ്യത. ഈ കണക്കുകൂട്ടലിലാണ് ബിജെപി വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്.

നഗരസഭയില്‍ ലീഡ് ചെയ്യുകയും കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്താല്‍ ബിജെപിക്ക് വിജയം അന്യമാകില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പിന്നീട് സന്ദീപ് വാര്യര്‍ വിഷയത്തിലും പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസ് ആണ് മുന്നോട്ടു കൊണ്ടുപോയത്. താഴെത്തട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തമാക്കുമ്പോഴും സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സി.കൃഷ്ണകുമാറിന് ആദ്യ ഘട്ടത്തില്‍ ബിജെപി അണികള്‍ക്കിടയില്‍ പോലും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല.

തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് കൃഷ്ണകുമാറിന് വിനയായത്. എന്നാല്‍ പ്രചാരണം മുറുകിയതോടെ ഇത് കുറച്ചെങ്കിലും പരിഹരിക്കാന്‍ ആര്‍എസ്എസിന് കഴിഞ്ഞു.

വിജയിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തി യായിരുന്നു ആര്‍എസ്എസിന്റെ ഇടപെടല്‍. പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയില്‍ അവശേഷിച്ചിരുന്ന പ്രശ്‌നങ്ങള്‍ കൂടി തരണം ചെയ്യാന്‍ ബിജെപിക്ക് കഴിഞ്ഞു.

ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം സംഭവിക്കാതിരിക്കാന്‍ ഏറെ കരുതലോടെയാണ് ബിജെപി പ്രചാരണം മുന്നോട്ട് നീക്കിയത്. ഗൃഹസമ്പര്‍ക്ക പരിപാടിയിലൂടെ സ്വാധീന കേന്ദ്രങ്ങളിലെ എല്ലാ വോട്ടും ഉറപ്പിക്കുന്നതിലായിരുന്നു
ബിജെപിയുടെ ശ്രദ്ധ. പരമാവധി കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചും താഴെത്തട്ടില്‍ ബിജെപി കരുക്കള്‍ നീക്കി. ഒരു പൊതുയോഗം പോലും ഉപ തിരഞ്ഞെടുപ്പ് കാലത്ത് പാലക്കാട് ബിജെപി നടത്തിയില്ല.

മുന്‍ തിരഞ്ഞെടുപ്പുകളിലെ പോലെ മെഗാ റാലികളും പണക്കൊഴുപ്പും ആഡംബരവും പ്രകടമാക്കുന്ന പരിപാടികളില്‍ നിന്നെല്ലാം ബിജെപി ബോധപൂര്‍വ്വം മാറിനിന്നു.

മണ്ഡലത്തിലെ പ്രധാന വോട്ട് ബാങ്കായ മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാകാതിരിക്കാനായിരുന്നു ഈ കരുതല്‍. ബിജെപി ജയിക്കും എന്ന പ്രതീതി സൃഷ്ടിച്ചാല്‍ ധ്രുവീകരണത്തിന് ആക്കം കൂടുമെന്നായിരുന്നു ബിജെപി വിലയിരുത്തല്‍.

തമ്മിലടി വിനയായേക്കും
എന്നാല്‍, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നേരിട്ടിറങ്ങി പ്രവര്‍ത്തിച്ചിട്ടും ഗുണമുണ്ടായില്ലെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം ബിജെപിയില്‍ പോരടിച്ചുനിന്ന ചിലരെ ഒന്നിപ്പിച്ചെങ്കിലും എല്ലാവരെയും രംഗത്തിറക്കാന്‍ പര്യാപ്തമായില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതോടെ ബിജെപിയില്‍ അനുദിനം പൊട്ടിത്തെറിയും വിവാദവും രൂക്ഷമായതോടെയാണ് ആര്‍എസ്എസ് തന്നെ പ്രവര്‍ത്തനം ഏറ്റെടുത്തത്. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ശക്തമായി വാദിച്ച വിഭാഗം നിര്‍ജീവമായി. നഗരസഭ ഭരിക്കുന്ന പാര്‍ടിയായിട്ടും കാര്യമായ പ്രവര്‍ത്തനം ഉണ്ടായില്ല.

നഗരസഭ ഭരണം കൈകാര്യം ചെയ്യുന്ന സി കൃഷ്ണകുമാറിന്റെ ഭാര്യയോടുള്ള എതിര്‍പ്പും ഭിന്നത രൂക്ഷമാക്കി. നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് ഒരു സമുദായം എതിരായതും ബിജെപിയെ വെട്ടിലാക്കിയിരുന്നു. സാധാരണക്കാരായ പാര്‍ടിക്കാര്‍ പോലും മാറിനില്‍ക്കുന്ന സ്ഥിതിയിലെത്തിയെന്നുമാണ് ഒരുവിഭാഗം ബിജെപി നേതാക്കളുടെ പരാതി.

എന്നാല്‍ സന്ദീപിന്റെ പോക്ക് തങ്ങള്‍ക്ക് ഗുണംചെയ്തുവെന്നാണ് കൃഷ്ണകുമാറിനൊപ്പമുള്ളവരുടെ വാദം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നേടിയ വോട്ടിന്റെ അടുത്ത് എത്തില്ലെന്ന് ആര്‍എസ്എസ് നേതാക്കളും വിലയിരുത്തുന്നു.

എല്ലാ തെരഞ്ഞെടുപ്പിലും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യംവച്ചാണ് സി കൃഷ്ണകുമാര്‍ മത്സരിക്കുന്നതെന്നും ഇക്കുറി മാറ്റിനിര്‍ത്തണമെന്നും ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഒരുവിഭാഗം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ശോഭ സുരേന്ദ്രനെ മാറ്റിനിര്‍ത്താനായി കെ സുരേന്ദ്രനും കൂട്ടരും കൃഷ്ണകുമാറിനെ ഉറപ്പിക്കുകയായിരുന്നു.

ALSO WATCH