ഏഷ്യാനെറ്റ് ന്യൂസിലെ യുവജനോല്‍സവം എന്ന പരിപാടി അവതിപ്പിക്കുന്ന അവതാരകനെതിരേ വിദ്വേഷ പ്രചാരണവുമായി ബിജെപി സംസ്ഥാന നേതാവ് സന്ദീപ് ജി വാര്യര്‍. (BJP leader against Asianet anchor RJ Anthu) ആര്‍ജെ അന്തു എന്നറിയപ്പെടുന്ന ഷിഹാസ് പി ശാഹുലിനെതിരെയാണ് അദ്ദേഹത്തിന്റെ മതവും ജന്മ സ്ഥലവും ഭൂതകാല ചരിത്രവുമൊക്കെ ചികഞ്ഞു കൊണ്ടുള്ള ആക്ഷേപം. വിവിധ ക്യാമ്പസുകളില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണം.
|
ജമാഅത്തെ ഇസ്ലാമിയുടെ പോസ്റ്റര്‍ ബോയിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ഈരാറ്റുപേട്ടക്കാരന്‍ ഷിഹാബ് ആര്‍ ജെ അന്തുവെന്ന് പേര് മാറ്റിയെങ്കിലും ഉള്ളിലിരിപ്പ് പഴയതു തന്നെയാണെന്നാണ് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
”ജമാഅത്തെ ഇസ്‌ളാമിയുടെ പോസ്റ്റര്‍ ബോയ്, മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍, ഈരാറ്റുപേട്ടക്കാരന്‍ ഷിഹാസ്, ആര്‍ ജെ അന്തുവായി. ഒരു നിള നമ്പ്യാര്‍ ലൈന്‍. പക്ഷേ ഉള്ളിലിരിപ്പ് പഴയത് തന്നെ” ഇങ്ങിനെയാണ് ഒരു പോസ്റ്റ്. ഇതിനടിയില്‍ വരുന്ന സംഘപരിവാര പ്രവര്‍ത്തകരുടെ കമന്റുകളില്‍ തികഞ്ഞ മുസ്ലിം വിരോധനവും വംശീയ വിരുദ്ധതയും നിറഞ്ഞു നില്‍ക്കുകയാണ്. ഈരാറ്റുപേട്ട താലിബാന്‍ കേന്ദ്രമാണെന്നും ഷിഹാസ് ഏഷ്യാനെറ്റില്‍ നുഴഞ്ഞു കയറി ജമാഅത്തെ ഇസ്ലാമി അജണ്ട നടപ്പാക്കുകയാണെന്നുമൊക്കെയാണ് വാദം.

”ഏഷ്യാനെറ്റിലെ യുവജനോത്സവം അവതാരകന്‍ ജിഹാദി ഷിഹാസിനോടാണ്. സ്ഥാപിത താല്‍പ്പര്യം വച്ച് കൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ഏകപക്ഷീയമായി പരിപാടി സംഘടിപ്പിക്കുകയും ചെയ്ത് ചൊറിയാന്‍ നില്‍ക്കരുത്”- എന്നാണ് മറ്റൊരു പോസ്റ്റിലൂടെ സന്ദീപ് ജി വാര്യര്‍ പറയുന്നത്.
ALSO READ: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം; നുണബോംബുകള്‍ പൊളിയുന്നു (Video)
കഴിഞ്ഞ ദിവസം യുവജനോല്‍സവത്തിന്റെ ഒരു എപിസോഡില്‍ മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കാത്തതിനെ കുറിച്ച് ഷിഹാസ് കുട്ടികളോട് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി, പ്രധാനമന്ത്രി പോകാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് ചിന്തിക്കുന്നതെന്നും ഒരു വിദ്യാര്‍ത്ഥിനി മറുപടി പറയുന്നുണ്ട്. പ്രധാനമന്ത്രി ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു. ഈ ഭാഗം കട്ട് ചെയ്ത് ഏഷ്യാനെറ്റ് ചാനല്‍ തന്നെ പ്രത്യേകം റീല്‍ ആക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതേ എപിഡോഡില്‍ തന്നെ വര്‍ഗീയതയും വിശ്വാസവും ഒന്നാണോ, നാനാത്വത്തില്‍ ഏകത്വം ഇല്ലാതായാല്‍ ഇന്ത്യ ഉണ്ടാവുമോ? തുടങ്ങിയ ചോദ്യങ്ങളും ഷിഹാസ് വിദ്യാര്‍ത്ഥികളോട് ചോദിക്കുന്നുണ്ട്. അതിനെല്ലാം ബിജെപി അജണ്ടകള്‍ക്ക് വിരുദ്ധമായ മറുപടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്. ഇതാണ് സംഘപരിവാരത്തെ പ്രകോപിച്ചതെന്നാണ് സൂചന.
അതേസമയം, അവതരാകന്റെ നെഞ്ചത്ത് കയറുന്നതിന് പകരം ഏഷ്യാനെറ്റ് മുതലാളിയും സ്വന്തം നേതാവുമായ രാജീവ് ചന്ദ്രശേഖരനോട് നേരിട്ട് പരാതി പറഞ്ഞാല്‍ പോരേ എന്ന പ്രതികരണവും കന്റുകളിലുണ്ട്.
ഷിഹാസിനൊപ്പം നിമ്മി മരിയ ജോസും ഇതേ പരിപാടിയില്‍ അവതാരികയായി എത്തുന്നുണ്ട്. നിമ്മിയും സമാനമായ ചില ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളോട് ചോദിക്കുന്നുമുണ്ട്. എന്നാല്‍, ഷിഹാസിനെ മാത്രം വിമര്‍ശിക്കുന്നത് മതംപറഞ്ഞ് കുളംകലക്കാനുള്ള ശ്രമമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.





