സുരേഷ് ഗോപി എംപിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന തുടര്‍ച്ചയായ വീഴ്ച്ചകള്‍ ബിജെപിയെ വെട്ടിലാക്കുന്നു.(BJP leaders want to control Suresh Gopi) ഏറ്റവുമൊടുവില്‍ എം മുകേഷ് എംഎല്‍എയെ അനുകൂലിച്ച് കൊണ്ട് നടത്തിയ പ്രസ്താവനയോടെ ബിജെപിയിലെ ഔദ്യോഗിക ഗ്രൂപ്പും വിമത ഗ്രൂപ്പും ഒരുപോലെ സുരേഷ് ഗോപിയെ കൈവിട്ട സ്ഥിതിയാണ്.
|
സുരേഷ് ഗോപിയെ ഇങ്ങിനെ കയറൂരി വിടരുതെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുയാണ് ബിജെപിയിലെ ഇരു ഗ്രൂപ്പുകളും. മുകേഷിനെ അനുകൂലിച്ച് കൊണ്ടുള്ള സുരേഷ് ഗോപിയുടെ നിലപാടിനെതിരേ കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ നിലപാട് പറയാന്‍ പാര്‍ട്ടി വേറെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്‍ പ്രതികരിച്ചത്.
തൊട്ടുപിന്നാലെ സുരേഷ് ഗോപിയെ തള്ളി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യരും രംഗത്തെത്തി. ബിജെപിയുടെ അഭിപ്രായം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞതാണെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പരസ്യമായി പോസ്റ്റിട്ടു. എം ടി രമേശ് അടക്കമുള്ള നേതാക്കളും സുരേഷ് ഗോപിയെ ഇതിനോടകം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
ALSO READ: പാര്‍ട്ടിയെ വെട്ടിലാക്കി സുരേഷ് ഗോപി; മുകേഷിന് പരസ്യ പിന്തുണ
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സുരേഷ് ഗോപി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതെന്നതാണ് നേതാക്കളുടെ വാദം. സുരേഷ് ഗോപിയുടെ അപക്വമായ പെരുമാറ്റത്തില്‍ കേന്ദ്രനേതൃത്വം ഇടപെടുമെന്നാണ് സൂചന.
സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയതും വലിയ വിവാദമായിരുന്നു.
ആഗസ്ത് 27ന് തൃശ്ശൂര്‍ രാമനിലയത്തില്‍ വച്ചാണ് സുരേഷ് ഗോപി തൃശ്ശൂരിലെ മാധ്യമ പ്രവര്‍ത്തകരോട് അപമാനകരമായ രീതിയില്‍ സംസാരിക്കുകയും, അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.
ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി, വീണ്ടും വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്.
ഇതിനെതിരേ മുന്‍ എംഎല്‍എ അനില്‍ അക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് അപമാനകരമായ രീതിയില്‍ സംസാരിക്കുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത് ബിഎന്‍എസ് അനുസരിച്ചും പൊലീസ് ആക്ട് അനുസരിച്ചും കുറ്റകരമാണെന്ന് ഇന്നലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ അനില്‍ പറഞ്ഞിരുന്നു. മാത്രമല്ല ഭരണഘടന അനുസരിച്ച് സത്യപതിജ്ഞ ചെയ്ത വ്യക്തി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാമനിലയത്തില്‍വെച്ച് കയ്യേറ്റം ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്
അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നായിരുന്നു പരാതി.





