27
Nov 2023
Fri
27 Nov 2023 Fri

കോഴിക്കോട്: സിപിഎമ്മും കോണ്‍ഗ്രസുമടക്കമുള്ളവര്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തുന്ന കോഴിക്കോട്ട് ഇസ്രായേല്‍ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം.
ഹമാസിന്റെ ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിനെതിരായി ബിജെപി നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബര്‍ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്ത്യന്‍ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിര്‍ത്തി കടന്നുളള തീവ്രവാദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സജീവന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റുരാജ്യങ്ങളിലെ പൗരന്മാരെയും ഉള്‍പ്പെടെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് ഇസ്രായേലിന്റേത് ചെറുത്തുനില്‍പ്പാണെന്നും സജീവന്‍ പറഞ്ഞു. ഇന്ത്യയും യുഎസ്സുമടക്കമുള്ള മുന്‍നിര ജനാധിപത്യ രാജ്യങ്ങള്‍ ഈ കാരണങ്ങളാലാണ് ഇസ്രായേലിനെ പിന്തുണയ്ക്കുന്നതെന്നും സജീവന്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി ഒരു പരിപാടില്‍ പങ്കെടുക്കുകയും യഹൂദന്‍മാരെയും മറ്റു മതവിശ്വാസികളെയും ഉന്‍മൂലനം ചെയ്യുമെന്ന് പ്രസംഗിക്കുകയും ചെയ്തുവെന്നു സജീവന്‍ പറഞ്ഞു. ഇത് ഹമാസിന്റെ പ്രഖ്യാപിത നയമാണ്. എന്നാല്‍ മലപ്പുറത്തെ പരിപാടിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും സജീവന്‍ പറഞ്ഞു. കേരളത്തിലെ ഇടത്, വലത് സംഘടനകള്‍ ഹമാസിനെ മനുഷ്യാവകാശ പോരാളികളായി വെളളപൂശുകയാണെന്നും സജീവന്‍ പറഞ്ഞു.