26
Apr 2024
Sun
26 Apr 2024 Sun

അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവം: ബ്ലാക്ക് മാജിക്ക് തന്നെ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, വിശ്വസിക്കാനാകാതെ അന്വേഷണ ഉദ്യോഗസ്ഥര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ ബ്ലാക്ക് മാജിക്ക് തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. ഇതുസംബന്ധിച്ച് പോലീസിന് കൂടുതല്‍ തെളിവുകളും ലഭിച്ചു. മരിച്ച നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഡ്രാഗണ്‍, ഏലിയന്‍ ചിത്രങ്ങളും കത്തികളും സ്ഫടികക്കല്ലുകളും കണ്ടെടുത്തു. ആര്യക്ക് വന്ന മെയിലിലും ഇവയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇവ പ്രത്യേക വിശ്വാസത്തിന് ഉപയോഗിക്കുന്നവയെന്നും സൂചനയുണ്ട്. ഡോണ്‍ ബോസ്‌കോ എന്ന പേരില്‍ മെയില്‍ അയച്ചത് നവീനെന്നും സംശയമുണ്ട്.

നവീന്റെയും ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും മരണം അന്ധവിശ്വാസത്തെ തുടര്‍ന്നാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. നവീന്റെ കോട്ടയത്തെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുകയാണ്. ആര്യയുടെ ആഭരണങ്ങള്‍ എവിടെപ്പോയെന്നും അന്വേഷണം നടത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് യോഗം ചേരും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് യോഗം ചേരുക. യോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തും.

നവീനും, ദേവിയും, ആര്യയും ആത്മഹത്യ ചെയ്യാന്‍ അരുണാചല്‍ പ്രദേശിലെ സിറോ എന്ന സ്ഥലം തെരഞ്ഞെടുത്തത് എന്തിന് എന്ന ചോദ്യത്തിനുത്തരമാണ് പൊലീസ് അന്വേഷിക്കുന്നത്. സിറോയ്ക്ക് സമീപം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ടവയുണ്ടോയെന്നും പരിശോധിക്കുന്നു. ഇതിനായി ലോവര്‍ സുബാന്‍സിരി എസ്.പി കെനി ബഗ്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ അരുണാചലില്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനിടെ മൂവരും മരിച്ചുകിടന്ന മുറിയില്‍ നിന്നും പ്ലേറ്റില്‍ മുടി കണ്ടെത്തിയതും ദുരൂഹമാണ്. എന്തെങ്കിലും വിശ്വാസത്തിന്റെയോ മൂവരും വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെയോ പ്രേരണ ആത്മഹത്യയ്ക്ക് പിന്നില്‍ ഉണ്ടായേക്കാമെന്ന് തിരുവനന്തപുരം ഡി.സി.പി നിധിന്‍ രാജ് പറഞ്ഞു.

മരണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസമാണ് നവീനിന്റെയും ദേവിയുടെയും ആര്യയുടെയും മരണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും പുസ്തകങ്ങളും മൂന്നുപേരും വായിക്കുകയും പരസ്പരം വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഭൂമിയിലേക്കാള്‍ സന്തോഷകരമായ ജീവിതമാണോ മറ്റു ഗ്രഹങ്ങളിലേതെന്നു കണ്ടെത്താനാണു ഇവര്‍ ശ്രമിച്ചത്. ആ സംശയം സാധൂകരിക്കുന്നതാണ് ആത്മഹത്യ കുറിപ്പും.

ആന്‍ഡ്രോമെഡ ഗ്യാലക്‌സിയിലെ മിതി എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായി സംസാരിക്കുന്ന പിഡിഎഫ് രേഖകളും യൂട്യൂബ് ലിങ്കുകളും ഇത് ശരി വെക്കുന്നുണ്ട്. മരിച്ചവരുടെ ലാപ്‌ടോപ്പും കംപ്യൂട്ടറും അടക്കമുള്ളവ പരിശോധനയ്ക്കായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജീവനൊടുക്കുന്നതിനു മുന്‍പ് ഇവര്‍ ഓണ്‍ലൈന്‍ വഴി മാറ്റരെങ്കിലുമായി സംവദിച്ചിട്ടുണ്ടോ എന്നുള്ളതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.