ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം നടന്ന സ്‌ഫോടനത്തെ കുറിച്ച് അന്വേഷണം ശക്തമാക്കി വിവിധ ഏജന്‍സികള്‍.(Blast near Delhi CRPF school; Police investigating Khalistan link) സ്‌ഫോടനത്തിലെ ഖാലിസ്താന്‍ പങ്ക് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
|
രോഹിണിയിലെ പ്രശാന്ത് വിഹാറിലുള്ള സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലിന് സമീപം ഞായറാഴ്ച്ചയാണ് സ്‌ഫോടനമുണ്ടായത്. നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്(എന്‍എസ്ജി) പ്രദേശത്ത് പരിശോധന നടത്തി.
ആളപായമില്ലെങ്കിലും ഐഇഡി സ്‌ഫോടനത്തില്‍ സ്‌കൂളിന്റെ മതില്‍ തകരുകയും സമീപത്തുള്ള കടകള്‍ക്കും കാറുകള്‍ക്കും നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. അധികൃതര്‍ക്ക് കൃത്യമായ സന്ദേശം നല്‍കുകയാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഖാലിസ്താന്‍ അനുകൂല വിഘടനവാദികളെ ഇന്ത്യന്‍ ഏജന്റുമാര്‍ ലക്ഷ്യമിടുന്നതിനുള്ള പ്രതികാരമാണ് സ്‌ഫോടനമെന്ന് അവകാശപ്പെട്ടു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഇതിന്റെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്.
ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്(ഐഇഡി) വിഭാഗത്തില്‍പ്പെടുന്ന ബോംബ് റിമോട്ട് ഉപയോഗിച്ചോ ടൈമര്‍ ഉപയോഗിച്ചോ ആണ് സ്‌ഫോടനം നടത്തിയതെന്നാണ് കരുതുന്നത്. ശനിയാഴ്ച്ച രാത്രി വൈകി സ്ഥാപിച്ചതെന്ന് കരുതുന്ന ബോംബ് ഞായറാഴ്ച്ച രാവിലെ 7.35നും 7.40നും ഇടയിലാണ് പൊട്ടിത്തെറിച്ചത്.
ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് ജസ്റ്റിസ് ലീഗ് ഇന്ത്യ എന്നപേരില്‍ ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. ഖാലിസ്താന്‍ സിന്ദാബാദ് എന്ന വാട്ടര്‍മാര്‍ക്കോട് കൂടിയ സ്‌ഫോടനത്തിന്റെ ക്ലിപ്പ് അടങ്ങിയതാണ് പോസ്റ്റ്.
”വാടക ഗുണ്ടകളെ ഉപയോഗിച്ച് ഞങ്ങളുടെ പ്രവര്‍ത്തകരെ ഇല്ലാതാക്കാമെന്നും ഞങ്ങളെ നിശ്ശബ്ദരാക്കാമെന്നുമാണ് ഇന്ത്യന്‍ ഏജന്‍സി ഭീരുക്കളും അവരുടെ ഉടമസ്ഥരും കരുതുന്നതെങ്കില്‍ നിങ്ങള്‍ വിഡ്ഡികളുടെ ലോകത്താണ് ജീവിക്കുന്നത്. അവര്‍ക്ക് സങ്കല്‍പിക്കാന്‍ സാധിക്കാത്തത്ര അരികില്‍, ഏത് സമയത്തും ഒരു ആക്രമണം നടത്താവുന്നത്ര അരികില്‍ ഞങ്ങളുണ്ട്”- ജസ്റ്റിസ് ലീഗ് ക്ലിപ്പിനൊടൊപ്പം ഷെയര്‍ ചെയ്ത പോസ്റ്റില്‍ പറയുന്നു.


