22
Nov 2025
Mon
22 Nov 2025 Mon
blo work pressure

BLO officers facing stress തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്ഐആര്‍) ജോലിയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍(ബിഎല്‍ഒ) നേരിടുന്നത് കടുത്ത സമ്മര്‍ദ്ദം. നിശ്ചിത സമയത്തിനകം ജോലി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍മാര്‍ ഉദ്യോഗസ്ഥരുടെ മേല്‍ താങ്ങാനാവാത്ത രീതിയിലുള്ള സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപോര്‍ട്ട് പുറത്തുവന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് വിളിച്ചുചേര്‍ത്ത എസ്ഐആര്‍ അവലോകന യോഗത്തില്‍ സമ്മര്‍ദം ചെലുത്തുംവിധം സംസാരിക്കുന്ന വീഡിയോ ചാനലുകള്‍ പുറത്തുവിട്ടു.

ജോലി ചെയ്യുന്നില്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യണം ഇല്ലെങ്കില്‍ കടുത്ത നടപടിയായി ടെര്‍മിനേറ്റ് ചെയ്യണമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ പറയുന്നുണ്ട്. സൂപ്പര്‍വൈസര്‍മാര്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ബിഎല്‍ഒമാരെ വിളിക്കണം. എവിടെയാണ് എന്താണ് എന്നെല്ലാം അന്വേഷിക്കണമെന്നും കളക്ടര്‍ പറയുന്നുണ്ട്. ആരൊക്കെയാണ് ജോലി ചെയ്യാത്ത ബിഎല്‍ഒമാര്‍, അവരുടെ ലിസ്റ്റ് തരൂ, അവരെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാം അല്ലെങ്കില്‍ ടെര്‍മിനേറ്റ് ചെയ്യാം എന്നാണ് കളക്ടര്‍ പറയുന്നത്.

ALSO READ: വീണ്ടും സിംഗിളായി മീര വാസുദേവ്; ഇത് ജീവിതത്തിലെ മനോഹര ഘട്ടമെന്ന് നടി

അതേസമയം, അധിക ജോലിഭാരവും സമ്മര്‍ദവുമാണ് ബിഎല്‍ഒമാര്‍ നേരിടുന്നതെന്ന് വെളിപ്പെടുത്തുന്ന കൂടുതല്‍ പ്രതികരണങ്ങളാണ് ഇതിനോടകം പുറത്തുവരുന്നത്. വോട്ടര്‍മാരുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ എന്‍ട്രിചെയ്യാനുള്ള ഉത്തരവും സമയപരിധി വര്‍ധിപ്പിച്ചതും സമ്മര്‍ദം ഇരട്ടിയാക്കിയെന്ന് ബിഎല്‍ഒമാര്‍ പറയുന്നു.

കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തത് ജോലി സമ്മര്‍ദത്താലാണ് എന്നാണ് നിഗമനം. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ അദ്ദേഹത്തിന് സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജിനെയാണ് ഇന്നലെ രാവിലെ വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ജോലിയിലെ മാനസിക സമ്മര്‍ദ്ദത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി എഫ്ഐആറില്‍ പറയുന്നു. എന്യൂമറേഷന്‍ ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി. അനീഷ് ഈ വര്‍ഷമാണ് പുതുതായി ബിഎല്‍ഒ ആയി ചുമതലയേറ്റത്.

എസ്‌ഐആറുമായി ബന്ധമില്ലെന്ന് കലക്ടര്‍
കഴിഞ്ഞ ദിവസം ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തിന് എസ്ഐആറുമായി ബന്ധമില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. പ്രാഥമിക റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ നല്‍കിയത്. പൊലീസ് അന്വേഷണത്തിലെ വിവരങ്ങളാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കൂടുതല്‍ അന്വേഷണം തുടരുമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എസ്ഐആറുമായി ബന്ധപ്പെട്ട് അനീഷ് ജോര്‍ജിന് സമ്മര്‍ദം ഉണ്ടാക്കിയിട്ടില്ലെന്നും സംഭവ ദിവസമോ അതിനു മുന്‍പോ ഒരു ഉദ്യോഗസ്ഥനെയും സമ്മര്‍ദം ചെലുത്തുകയോ ഭീഷണിപ്പെടുത്തുന്ന സ്വഭാവമുളള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും കളക്ടര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.