കാസര്‍കോട്: കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകന്‍ പി. സുഹാസി(38)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. (BMS leader Adv. Suhas murder: Court orders re-investigation) സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റിലെ ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റിനെ കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തുടരന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.
|
2008 ഏപ്രില്‍ 17നാണ് അഡ്വ. പി സുഹാസ് കാസര്‍കോട്, ഫോര്‍ട്ട് റോഡിലെ വക്കീല്‍ ഓഫീസിനു സമീപത്ത് കുത്തേറ്റ് മരിച്ചത്. ഈ കേസില്‍ ആറു പ്രതികളെ നേരത്തെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബി എം റഫീഖ് (37), എ എ അബ്ദുര്‍ റഹ്‌മാന്‍ എന്ന അമ്മി (35), കെ ഇ ബശീര്‍ (37), അഹ്‌മദ് ശിഹാബ് (30), അഹ്‌മദ് സഫ്വാന്‍ (30), അബ്ദുര്‍ റഹ്‌മാന്‍ എന്ന റഹിം (49) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
എന്നാല്‍, കോടതി നിര്‍ദ്ദേശ പ്രകാരം കേസ് അന്വേഷണം പിന്നീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നു കാസര്‍കോട് ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിചാരണ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവായത്.
ഇതിനിടയില്‍ തുടരന്വേഷണം വേണമെന്ന ഹരജി കോടതിയിലെത്തി. കോടതി ആവശ്യം അംഗീകരിച്ചുവെങ്കിലും തുടരന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കേസിന്റെ വിചാരണ നടപടിയിലേക്ക് കടന്നു കൊണ്ടിരിക്കെയാണ് വീണ്ടും തുടരന്വേഷണം വേണമെന്ന അപേക്ഷ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. ആവശ്യം സംബന്ധിച്ച് വിശദമായ വാദം കേട്ട ശേഷമാണ് തുടരന്വേഷണത്തിനു കോടതി ഉത്തരവായത്.
2008 ഏപ്രില്‍ 14ന് രാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയായ സന്ദീപ് (24) കുത്തേറ്റ് മരിച്ചതാണ് ഒരുമാസത്തിലധികം നീണ്ട സംഘര്‍ഷത്തിന് കാരണമായത്. സഹോദരനും സുഹൃത്തുക്കളും സന്ദീപിനൊപ്പമുണ്ടായിരുന്നു. ആരാധനാലയത്തിന്റെ പരിസരത്ത് മൂത്രമൊഴിച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ സന്ദീപിനെ കുത്തിക്കൊന്നതെന്നാണ് കേസ്. അക്രമത്തില്‍ സന്ദീപിന്റെ സഹോദരനും പരുക്കേറ്റിരുന്നു. കേസിലെ പ്രധാന സാക്ഷിയായിരുന്ന ഇയാള്‍ പിന്നീട് ജീവനൊടുക്കുകയായിരുന്നു.
പിന്നീട് നടന്ന സംഘര്‍ഷത്തിലാണ് മുഹമ്മദ് സിനാന്‍, അഡ്വ. സുഹാസ്, സി എ മുഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷക്കേസിലെ പ്രതികളൊന്നും ശിക്ഷിക്കപ്പെടാതിരുന്നത് പൊലീസിനും പ്രോസിക്യൂഷനും വലിയ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്.
അഡ്വ. സുഹാസ് വധം വീണ്ടും പുനരന്വേഷിക്കുന്നതോടെ കാസര്‍കോഡെ വര്‍ഗീയ കൊലപാതക പരമ്പരകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മിക്ക കേസുകളിലും സംഘപരിവാര പ്രവര്‍ത്തകരാണ് പ്രതികള്‍. ബിജെപി നേതാവ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





