പ്രചരിപ്പിച്ചത് നല്ല സന്ദേശങ്ങളാണെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകന് ജാമ്യം അനുവദിച്ച് ബോംബൈ ഹൈക്കോടതി. മലേഗാവില്‍ പോപുലര്‍ഫ്രണ്ടിന്റെ പ്രധാന പ്രമോട്ടര്‍ എന്നാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മതപ്രഭാഷകന്‍ കൂടിയായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് ഇര്‍ഫാന്‍ ദൗലത്ത് ഖാനാണ് കോടതി ജാമ്യം നല്‍കിയത്.
|
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ഹരജിക്കാരന്‍ വ്യാപിപ്പിച്ചിരുന്നത് നല്ല സന്ദേശങ്ങളാണെന്ന് വ്യക്തമായെന്ന് ഡിവിഷന്‍ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് സാംരഗ് കോട് വാല്‍, ജസ്റ്റിസ് എസ് എം മോദക് എന്നിവര്‍ പറഞ്ഞു.
2022 നവംബര്‍ 13നായിരുന്നു മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്)മുഹമ്മദ് ഇര്‍ഫാന്‍ ദൗലത്ത് ഖാനെ അറസ്റ്റ് ചെയ്തത്. മതവിദ്വേഷപ്രചാരണം, കേന്ദ്രസര്‍ക്കാരിനെതിരേ പോരിനിറങ്ങാന്‍ മുസ് ലിംകളെ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളായിരുന്നു ദൗലത്ത് ഖാനെതിരേ ചുമത്തിയിരുന്നത്. മലേഗാവിലെ പോപുലര്‍ ഫ്രണ്ടിന്റെ പ്രധാന പ്രമോട്ടറാണ് ദൗലത്ത് ഖാനെന്നും ഭീകരവിരുദ്ധ സേന കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുകയുണ്ടായി.
ദൗലത്ത് ഖാന്റെ ജാമ്യാപേക്ഷ 2024 മാര്‍ച്ച് അഞ്ചിന് നാഷിക്കിലെ എന്‍ഐഎ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. തനിക്കൊപ്പം അറസ്റ്റിലായ മറ്റു രണ്ടു പേര്‍ക്ക് സുപ്രിംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച കാര്യവും ദൗലത്ത് കോടതിയെ ബോധിപ്പിച്ചു. വിചാരണ ഉടനെയൊന്നും പൂര്‍ത്തിയാവില്ലെന്നും കേസില്‍ 150ലേറെ സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും ഹരജിക്കാരന്‍ കോടതിയില്‍ വാദിക്കുകയുണ്ടായി.
എന്നാല്‍ ദൗലത്തിന്റെ ജാമ്യാപേക്ഷയെ എടിഎസ് എതിര്‍ത്തു. ജനക്കൂട്ടത്തെ സ്വാധീനിക്കാനുള്ള ദൗലത്ത് ഖാന്റെ ശേഷി വ്യക്തമാക്കുന്നതിനായി എടിഎസ് രണ്ട് ശബ്ദരേഖകളും കോടതിയെ കേള്‍പ്പിച്ചു.
ഇവയില്‍ ആദ്യത്തേക്ക് ഒരു ബാനറുമായി ബന്ധപ്പെട്ട സംഭാഷണമാണെന്നും സംസാരിക്കുന്നവരില്‍ ഒരാള്‍ ചില തിരുത്തലുകള്‍ നിര്‍ദേശിക്കുന്നുണ്ടെന്നും ഇതില്‍ തെറ്റായി ഒന്നുമില്ലെന്നും കോടതി പ്രതികരിച്ചു. ഇതിനു പിന്നാലെ മറ്റൊരു ശബ്ദരേഖ കൂടി എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഇത് നിര്‍ധനരും വിധവുകളും മറ്റ് അശരണരുമായവരെ സഹായിക്കുന്നതിനെക്കുറിച്ചുള്ള സംസാരണമാണെന്നും കോടതി വ്യക്തമാക്കി.
ഇതിനു പിന്നാലെ ഏതാനും സാക്ഷികളുടെ പ്രസ്താവനകള്‍ കൂടി കോടതി പരിഗണിച്ചു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തങ്ങള്‍ വ്യക്തിത്വ വികാസത്തെക്കുറിച്ചും സമയക്രമീകരണത്തെക്കുറിച്ചും നിയമബോധവല്‍ക്കരണം സംബന്ധിച്ചും പരിശീലനം നല്‍കിയിട്ടുണ്ടെന്നായിരുന്നു സാക്ഷിമൊഴികള്‍. ഇതോടെയാണ് കോടതി ദൗലത്തിന് ജാമ്യം അനുവദിച്ചത്.
ALSO READ: യുഎസില്‍ ഇന്ത്യന്‍ സംരംഭകന്‍ ഭാര്യയെയും മകളെയും വെടിവച്ചുകൊന്ന് ജീവനൊടുക്കി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





