ലണ്ടൻ: വിവിധ വിഭാഗങ്ങൾക്കിടയിൽ മൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനായി ലണ്ടൻ നഗരത്തിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ചെൽസി ഫുട്‌ബോൾ ക്ലബ്ബ് സമൂഹ നോമ്പുതുറ നടത്തി. നിരവധി പേരെ നോമ്പുതുറയിലേക്ക് ക്ലബ് ക്ഷണിച്ചിരുന്നു. ആയിരക്കണക്കിനു പേർ ഒത്തു ചേർന്ന സ്റ്റേഡിയത്തിൽ ചരിത്രത്തിലാദ്യമായി ബാങ്കുവിളി മുഴങ്ങുകയും വിശ്വാസികൾ പ്രാർത്ഥിക്കുകയും ചെയ്തത് ലണ്ടൻ നഗരം വിളിച്ചോതുന്ന മാനവികതയുടെ അടയാളമായി മാറി.
|
ഞായറാഴ്ച ഹോംഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിജിലായിരുന്നു നൂറുകണക്കിനു പേർക്ക് ക്ലബ് ഇഫ്താർ വിരുന്നൊരുക്കിയത്. വെസ്റ്റ് ലണ്ടനിലായിരുന്നു പരിപാടി. ക്ലബിന്റെ ചാരിറ്റി വിഭാഗമായ ചെൽസി ഫൗണ്ടേഷൻ, ബ്രിട്ടീഷ് ചാരിറ്റി സംഘമായ റമദാൻ ടെന്റ് പ്രോജക്ട് എന്നിവയുമായി ചേർന്നായിരുന്നു നോമ്പുതുറ സംഘടിപ്പിച്ചത്. ഇതാദ്യമായാണ് അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ഒരു ഫുട്‌ബോൾ ക്ലബ് ഇഫ്താർ പരിപാടി ഒരുക്കുന്നത്. ഒരു പ്രീമിയർ ലീഗ് സ്റ്റേഡിയം ഇതിന് വേദിയാകുന്നതും ആദ്യമായാകും.
ദക്ഷിണ ലണ്ടനിലെ ബാറ്റർസീ മസ്ജിദിലെ ഇമാം സഫ്‌വാൻ ഹുസൈന്റെ ഉത്‌ബോധനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ചെൽസി ഫൗണ്ടേഷൻ തലവൻ സിമോൺ ടൈലർ, ഫൗണ്ടേഷൻ ബോർഡ് ഡയരക്ടർ ഡാനിയൽ ഫിങ്കൽസ്‌റ്റൈൻ, സാമൂഹികസേവനരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇസ്‌ലാമിക് റിലീഫിന്റെ യു.കെ ഡയരക്ടർ തുഫൈൽ ഹുസൈൻ, റമദാൻ ടെന്റ് ഉപദേശക സമിതി അംഗം ദൗഷാൻ ഹംസ, ചെൽസിയുടെ കറുത്തവംശജനായ ആദ്യതാരം പോൾ കനോവിൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
നേരത്തെ ക്ലബ് ഭാരവാഹികൾ, ആരാധകർ, സ്‌കൂൾ വിദ്യാർഥികൾ, പ്രാദേശിക പള്ളി ഭാരവാഹികൾ, ചെൽസിയുടെ മുസ്ലിം കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവരെ ഇഫ്താറിലേക്ക് ക്ഷണിച്ച് ചെൽസി പ്രസ്താവന പുറത്തിറക്കിയിരുന്നു. നോമ്പുതുറയ്ക്കുശേഷം സ്റ്റേഡിയത്തിൽ സമൂഹനമസ്‌കാരവും നടന്നു.
#تشيلسي pic.twitter.com/DpbVYYHA4u
— E_M_S_S (@EmanSal11848242) March 27, 2023


