01
Jul 2024
Tue
01 Jul 2024 Tue
Union budjet 2024

തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം.(Budjet 2024 live updates; Kerala in hope)  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ്. എയിംസ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ ഉതകുന്ന രണ്ടു വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയ സാമ്പത്തിക ശിപാര്‍ശയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നല്‍കിയിട്ടുള്ളത്. രണ്ടു കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്. കോഴിക്കോട് കിനാലൂരില്‍ ഭൂമിയടക്കം കണ്ടെത്തി സംസ്ഥാനം നല്‍കിയതോടെ ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.

ജി.എസ്.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കല്‍ അനുപാതം 60:40 എന്നത് 50:50 ആയി പുനര്‍നിര്‍ണയിക്കല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ല്‍നിന്ന് 75 ശതമാനമാക്കല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉറപ്പാക്കല്‍ എന്നിവ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ആശ, അംഗന്‍വാടി ഉള്‍പ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവര്‍ത്തകരുടെയും ഓണറേറിയം ഉയര്‍ത്തണമെന്നതാണ് മറ്റൊന്ന്. ദേശീയപാത വികസനത്തിന് 6000 കോടി രൂപ അധികം കടമെടുക്കാന്‍ അനുമതി വേണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ തുകകള്‍, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിര്‍മാണ പദ്ധതികളിലെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം തുടങ്ങിയവ ഉയര്‍ത്തണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. തലശ്ശേരി -മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതകള്‍, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിര്‍മാണത്തിനുള്ള ധനസഹായം എന്നിവയാണ് കേരളം കാത്തിരിക്കുന്ന മറ്റു സുപ്രധാന പദ്ധതികള്‍.